തൃശൂർ: തൃശൂരിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം ആരംഭിച്ചത് തൃശൂരിൽ ജനിച്ച സാംസ്കാരിക പ്രമുഖരെ ഓർമ്മിച്ചുകൊണ്ട്. കമലാസുരയ്യ, ബാലാമണിയമ്മ, വി.കെ.എൻ, എം. ലീലാവതി എന്നിവരുടെ പേരുകൾ പരാർമശിച്ച പ്രധാനമന്ത്രി പക്ഷേ, കണ്ണൂരുകാരനായ സുകുമാർ അഴീക്കോടിനു കൂടി ആ പട്ടികയിൽ ഇടം നൽകി. തൃശൂരിൽ സ്ഥിരതാമസമാക്കിയ അഴീക്കോട് ജനിച്ചത് അവിടെയല്ലെന്ന് ഓർമ്മിച്ചില്ല! പ്രസംഗത്തിൽ കലാഭവൻ മണി, ബഹദൂർ എന്നിവരെ മോദി ഓർമ്മിച്ചപ്പോൾ നിറഞ്ഞ കൈയടിയായിരുന്നു.
കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിലെത്താനായതിൽ സന്തോഷമുണ്ടെന്നും ഗുരുവായൂർ ക്ഷേത്രവും തൃശൂർ പൂരവും ആഗോളപ്രസിദ്ധമാണെന്നും കേരളത്തിന്റെ സാംസ്‌കാരിക പൈതൃകമാണ് തൃശൂരിൽ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഘാടക സമിതി പ്രധാനമന്ത്രിക്ക് ഉപഹാരമായി നൽകിയതും തൃശൂരിന്റെ ഉത്സവപ്പെരുമ പകർത്തിയ ചിത്രമായിരുന്നു. തിരക്കിനിടയിൽ ചിത്രം തിരിഞ്ഞുപോയെങ്കിലും ഉടൻ നേരെ പിടിച്ച് സംഘാടകർ തടിതപ്പി.