ചാലക്കുടി: വേളൂക്കരയിലെ നവ്യയുടെ കുടിലിലെ ജീവിതത്തിന് അറുതിയാകുന്നു. കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ മിന്നുന്ന വിജയം നേടിയ അവൾക്ക് അടച്ചുറപ്പുള്ള വീട് ഒരുങ്ങുകയാണ്. വേളൂക്കരയിലെ മുണ്ടൻമാണി കുഞ്ഞിലു അന്തോണിയാണ് കാഞ്ഞിരപ്പിള്ളിയിൽ ഇതിനായി നാല് സെന്റ് സ്ഥലം സൗജന്യമായി നൽകിയത്. ഇവിടെ സി.പി.എം പ്രവർത്തകർ നവ്യയുടെ കുടുംബത്തിന് ഒരു വീടും വച്ചുകൊടുക്കുകയാണ്.
കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ എരുമേൽ നാരായണൻ നിഷ ദമ്പതികളുടെ മകൾ തൃപ്പാപ്പിള്ളിയിലെ താരമായി മാറിയപ്പോൾ നിരവധി പേർ ആശംസകളുമായി എത്തിയിരുന്നു. എന്നാൽ അവരോടൊന്ന് ഇരിക്കാൻ പറയാൻ പോലും കഴിയാത്തതായിരുന്നു കുടുംബത്തിന്റെ അവസ്ഥ. പാതി ചുമരും ബാക്കി പഴംതുണികളും ഫ്‌ളക്‌സുമെല്ലാം മറച്ച വീടുകണ്ട് അഭിനന്ദനവുമായെത്തിയവരുടെ മനംനീറി. ഇതെല്ലാം അന്നത്തെ കേരള കൗമുദിയിൽ പ്രധാന വാർത്തയായി ഇടം പിടിക്കുകയും ചെയ്തു.
പരിസരത്തെ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് കൂലിപ്പണിക്കാരൻ നാരായണന്റെ നിരാലംബമായ ജീവിതത്തിന് അറുതിവരുത്താൻ രംഗത്തിറങ്ങിയത്. നവ്യയുട രണ്ടു വർഷത്തെ ഹയർ സെക്കൻഡറി പഠനത്തിന് അവർ സ്‌പോൺസറെ കണ്ടെത്തി. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ജെനീഷ് പി. ജോസ്, ജില്ലാ പഞ്ചായത്ത് അംഗം സി.ജി. സിനി എന്നിവരുടെ നേതൃത്വത്തിൽ നവ്യക്കൊരു വീട് എന്ന ദൗത്യവുമായി രംഗത്തിറങ്ങി. പി.കെ. കറപ്പൻ, വി.സി. സിജോ, എം.എ. പോൾ എന്നിവർ ഇതിൽ പങ്കാളികളായി. ആധാരത്തിലെ നൂലാമാലകളും ടവർ ലൈലിന്റെ തടസവും നിലവിലെ ഇത്തിരി സ്ഥലത്ത് പഞ്ചായത്ത് വക ഭവന നിർമ്മാണത്തിന് തടസ്സമായി.
തുടർന്നാണ് സംഘത്തിലെ എം.എ. പോൾ,തങ്ങളുടെ കുറ്റിക്കാട്ടെ ഭൂമിയിൽ നിന്നും സ്ഥലം നൽകാൻ തയ്യാറായത്. വീട് നിർമ്മാണച്ചുമലത പാർട്ടിയും ഏറ്റെടുത്തു. നാരായണന്റെ വീട്ടുമുറ്റത്ത് നടന്ന ചടങ്ങിൽ ബി.ഡി. ദേവസി എം.എൽ.എ സ്ഥലത്തിന്റെ ആധാരം നവ്യക്ക് കെമാറി. തനിക്കൊരു ഒരു ഡോക്ടറാകണമെന്ന നവ്യയുടെ ആഗ്രഹത്തെ എം.എൽ.എ പ്രശംസിക്കുകയും വേളൂക്കര ഗ്രാമം ഒപ്പമുണ്ടെന്ന് അവൾക്ക് ഉറപ്പു നൽകുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജെനീഷ് പി. ജോസ്, ജില്ലാ പഞ്ചായത്ത് അംഗം സി.ജി. സിനി, അജിത ലക്ഷ്മണൻ, ജിപ്‌സി ജെ്ര്രയസ്, എം.എ. പോൾ , ടി.സി. അനൂപ്, പി.കെ. കറപ്പൻ, വി.സി. സിജോ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.