dyfi-pragadanam
പുതിയ പ്രവർത്തകർക്ക് പിന്തുണയർപ്പിച്ച് ഡി.വൈ.എഫ്.ഐ നടത്തിയ പ്രകടനം

എരുമപ്പെട്ടി: എരുമപ്പെട്ടിയിൽ ആർ.എസ് എസ്, ബി.ജെ.പി നേതാക്കളായ അഞ്ച് പേർ ഡി.വൈ.എഫ്.ഐ യിൽ ചേർന്നു. ബി.ജെ.പിയുടെയും,ആർ.എസ്.എസിന്റെയും ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് മണ്ഡലം ശാരീരിക് പ്രമുഖ് കെ.കെ. ജിനേഷ് കുന്നത്തേരി, മുഖ്യശിക്ഷക് എൻ.സി ശരത്ത് പതിയാരം, ശിക്ഷക് വി.എസ്. സുഭാഷ് കുന്നത്തേരി, യുവമോർച്ച മുൻപഞ്ചായത്ത് പ്രസിഡന്റ് എ.എസ്. ശ്രീഗിൽ കുന്നത്തേരി, ബി.എം.എസ് വടക്കാഞ്ചേരി ഏരിയ ബസ് ഡ്രൈവർ അസോസിയേഷൻ ട്രഷറർ സനൽ കുന്നത്തേരി എന്നിവരാണ് രാജി വച്ച് ഡി.വൈ.എഫ്.ഐ, സി.പി.എം സംഘടനകളിൽ പ്രവർത്തിക്കാൻ തീരുമാനിച്ചത്.

പുതിയ പ്രവർത്തകരെ ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റി ഭാരവാഹികൾ ഹാരാർപ്പണം നടത്തി സ്വീകരിച്ചു. തുടർന്ന് സ്‌കൂൾ പരിസരത്ത് നിന്നാരംഭിച്ച പ്രകടനം കടങ്ങോട് റോഡ് സെന്ററിൽ സമാപിച്ചു. സ്വീകരണ പൊതുയോഗം വി.സി. ബിനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രധാന മന്ത്രി നരേന്ദ്രമോദി തൃശൂരിൽ എത്തിയ ദിവസം തന്നെ ജില്ലയിൽ ബി.ജെ.പി പ്രവർത്തകർ ആ പാർട്ടി വിട്ടത് ഡി.വൈ.എഫ്.ഐയിലും സി.പി.എം ലും ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത് ബി.ജെ.പിയുടെ ജനവിരുദ്ധ പ്രവർത്തനങ്ങൾക്ക് തിരിച്ചടി ലഭിക്കുന്നതിന്റെ സൂചനയാണെന്ന് ബിനോജ് മാസ്റ്റർ പറഞ്ഞു. കെ.ടി. റിനോൾഡ് അദ്ധ്യക്ഷനായി.