തൃശൂർ: കേരള യുവത്വം നരേന്ദ്രമോദിക്കൊപ്പമെന്ന മുദ്രാവാക്യവുമായി സംഘടിപ്പിച്ച യുവമോർച്ച സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന റാലിയിൽ യുവലക്ഷങ്ങൾ അണിനിരന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെ നഗരത്തിലെ രണ്ട് കേന്ദ്രങ്ങളിൽ നിന്ന് റാലി ആരംഭിച്ചു. പൂങ്കുന്നത്തു നിന്ന് ആരംഭിച്ച റാലിയിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നുള്ള പ്രതിനിധികളും തൃശൂർ ജില്ലയിലെ ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി, ഗുരുവായൂർ, മണലൂർ, കയ്പ്പമംഗലം, തൃശൂർ നിയോജകമണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകരും അണിനിരന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ നിന്നുള്ള പ്രതിനിധികളും ചാലക്കുടി, പുതുക്കാട്, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, ഒല്ലൂർ, നാട്ടിക നിയോജകമണ്ഡലത്തിലെ പ്രവർത്തകരും ശക്തൻ നഗറിൽ നിന്ന് ആരംഭിച്ച റാലിയിൽ അണിനിരന്നു. റാലിക്ക് മോടികൂട്ടാൻ നാഗസ്വരം, കാവടി, തിറ പൂതൻ, തെയ്യം, വിവിധതരം വാദ്യമേളങ്ങൾ എന്നിവയും അകമ്പടി സേവിച്ചു. യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ.പ്രകാശ് ബാബു, ജനറൽ സെക്രട്ടറി രവിചന്ദ്രൻ, സുബീഷ്, ജില്ലാ പ്രസിഡന്റ് പി. ഗോപിനാഥ്, എന്നിവരും ബി.ജെ.പിയുടെയും നേതാക്കൾ റാലികൾക്ക് നേതൃത്വം നൽകി. റാലികൾ നടുവിലാലിൽ സംഗമിച്ച ശേഷം മൂന്ന് മണി മുതൽ പ്രവർത്തകരെ സമ്മേളനനഗരിയായ അടൽ നഗറിലേക്ക് പ്രവേശിപ്പിച്ചു തുടങ്ങി.