modi

തൃശൂർ:കേരളത്തിൽ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആക്കം കൂട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടതു, വലതു മുന്നണികൾക്കെതിരെ വിവിധ വിഷയങ്ങൾ ഉന്നയിച്ച് കടുത്ത വിമർശനങ്ങൾ അഴിച്ചുവിട്ടു. ശബരിമല, മുത്തലാഖ്, ഐ. എസ്. ആർ.ഒ ചാരക്കേസ്, സോളാർ വിവാദം, സ്‌ത്രീ ശാക്തീകരണം തുടങ്ങിയ വിഷയങ്ങൾ നിരത്തിയായിരുന്നു മോദിയുടെ രാഷ്‌ട്രീയ വിമർശനങ്ങൾ.

തൃശൂർ തേക്കിൻകാട് മൈതാനത്ത്‌ ഇന്നലെ യുവമോർച്ച സംസ്ഥാന സമ്മേളനത്തിന്റെ സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള സാംസ്‌കാരിക പൈതൃകത്തെ ആക്രമിക്കാൻ നേതൃത്വം നൽകുന്നത് സംസ്ഥാനം ഭരിക്കുന്ന പാർട്ടിയാണെന്ന് മോദി ആരോപിച്ചു. ശബരിമല വിഷയം രാജ്യം മുഴുവൻ കാണുന്നുണ്ട്. സംസ്‌കാരത്തെ തകർക്കാൻ കമ്മ്യൂണിസ്റ്റുകാർ ശ്രമിക്കുന്നത് എന്തിനാണെന്ന് അറിയില്ല. ഇക്കാര്യത്തിൽ സമാന നിലപാടാണ് കോൺഗ്രസിനും. ശബരിമല വിഷയത്തിൽ കോൺഗ്രസിന് ഡൽഹിയിൽ ഒരു നിലപാടും കേരളത്തിൽ മറ്റൊരു നിലപാടുമാണ്. സ്ത്രീ ശാക്തീകരണത്തിൽ രണ്ട് പാർട്ടികൾക്കും താത്പര്യമില്ല. ഉണ്ടെങ്കിൽ മുത്തലാഖ് നിരോധിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നിലപാടിനെ അവർ എതിർക്കുമായിരുന്നില്ല.

പല സംസ്ഥാനങ്ങളിലും വനിതാ മുഖ്യമന്ത്രിമാർ ഉണ്ടായിട്ടുണ്ട്. ഏതെങ്കിലും സംസ്ഥാനത്ത് ഒരു കമ്മ്യൂണിസ്റ്റ് വനിതാ മുഖ്യമന്ത്രി ഉണ്ടായ ചരിത്രമുണ്ടോ? കോൺഗ്രസിനും കമ്മ്യൂണിസ്റ്റ് പാർട്ടിക്കും ഭരണഘടനാ സ്ഥാപനങ്ങളോട് ഒരു താത്പര്യവും വിശ്വാസവുമില്ല. ഭരണഘടനാ സ്ഥാപനങ്ങൾ തെറ്റായ രീതിയിലാണ് പോകുന്നത്. തങ്ങൾ മാത്രമാണ് ശരിയെന്നാണ് പ്രതിപക്ഷ നിലപാട്.

ശാസ്ത്രത്തെ കോൺഗ്രസ് ചാരക്കേസിനുള്ള മാർഗമായിട്ടാണ് കണ്ടത്. രാജ്യത്തിന്റെ സംവിധാനങ്ങളെ കോൺഗ്രസ് ദുരുപയോഗം ചെയ്യുന്നതിന്റെ ഉദാഹരമാണ് നമ്പിനാരായണന് എതിരായ ചാരക്കേസ്. പത്മ അവാർഡ് കൊടുത്ത് അദ്ദേഹത്തെ ആദരിക്കാൻ സർക്കാരിന് കഴി‌ഞ്ഞു.

പ്രതിപക്ഷത്തിന് യാതൊരു വികസന കാഴ്ചപ്പാടുമില്ല. രാവിലെ മുതൽ രാത്രി വരെ മോദിയെ ആക്ഷേപിക്കുകയാണ് അവരുടെ അജൻഡ. ഇവർ ജനാധിപത്യത്തെക്കുറിച്ച് പറയുന്നത് തന്നെ തമാശയാണ്. ആശയഗതി മറ്റൊന്നായതിന്റെ പേരിൽ എത്ര പേരാണ് കേരളത്തിൽ കൊല്ലപ്പെട്ടത്. ഇതേ സംസ്‌കാരം വ്യാപിക്കുന്ന മദ്ധ്യപ്രദേശിൽ ബി.ജെ.പി. പ്രവർത്തകർ കൊല്ലപ്പെടുകയാണ്. അഴിമതിയുടെ കാര്യത്തിൽ കോൺഗ്രസിനും കമ്മ്യൂണിസ്റ്റുകാർക്കും ഒരേ മനസാണ്. മൂന്ന് വർഷത്തിനിടെ എത്ര എൽ.ഡി.എഫ്. മന്ത്രിമാർ രാജിവച്ചു. സൗരോർജ്ജമെന്നത് വികസനത്തിന്റെ മാർഗമാണെങ്കിൽ കോൺഗ്രസിന് കുംഭകോണത്തിനുള്ള മാർഗമാണ്. നാലുവർഷം മുമ്പ് ജനങ്ങൾ എന്നെ ഈ രാജ്യത്തിന്റെ കാവൽക്കാരനാക്കി. ആ സ്ഥാനത്തുള്ളിടത്തോളം ഒരുതരത്തിലുള്ള അഴിമതിക്കും അനുവാദം നൽകില്ലെന്നും രാജ്യത്തെ തകർക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്നും മോദി പറഞ്ഞു.

വിദേശ മണ്ണിലും അപമാനിക്കുന്നു

ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യത്തെപ്പോലും വിദേശ മണ്ണിൽ ചോദ്യം ചെയ്യുകയാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ലണ്ടനിൽ പത്രസമ്മേളനം നടത്തി തിരഞ്ഞെടുപ്പ് കമ്മിഷനെ അപമാനിക്കുന്നു. പത്രസമ്മേളനത്തിൽ പങ്കെടുത്തവരിൽ ഒരാൾ ഉന്നത കോൺഗ്രസ് നേതാവാണ്. ഇതിനൊക്കെ കോൺഗ്രസ് മറുപടി പറയണം. അടിയന്തരാവസ്ഥയിലെ മാനസികാവസ്ഥയിലാണ് ഇപ്പോഴും കോൺഗ്രസ്.