തൃശൂർ: അതിവേഗം വളരുന്ന സമ്പദ്ഘടനയുള്ള രാജ്യമായി ഇന്ത്യ മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. യുവമോർച്ച സംസ്ഥാന സമ്മേളനത്തിന്റെ സമാപന പൊതുയോഗം തൃശൂർ തേക്കിൻകാട് മൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഞ്ചുവർഷം മുമ്പ് ഇന്ത്യയെ അവഗണിച്ച ലോകം ഇന്ന് നിക്ഷേപം നടത്താൻ ഇവിടേക്ക് വരുന്നു.
വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 142ആയിരുന്നു. അത് 79ലേക്ക് ഉയർന്നു. ചൈനയ്ക്കു ലഭിച്ചതിനേക്കാൾ കൂടുതൽ വിദേശനിക്ഷേപം കഴിഞ്ഞ വർഷം ഇന്ത്യയ്ക്ക് കിട്ടി. കേവലം രണ്ട് മൊബൈൽ നിർമ്മാണ കമ്പനികൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 120 ഓളം സ്ഥാപനങ്ങളുണ്ട്. കേരളത്തിൽ നിന്ന് മംഗളൂരു- ബംഗളൂരു പൈപ്പ് ലൈൻ പദ്ധതി നടപ്പാക്കുന്നത് 5,000 കോടി രൂപ ചെലവിലാണ്. കൊച്ചി ബി.പി.സി.എല്ലിന്റെ പെട്രോ കെമിക്കൽസ് കോപ്ലക്‌സ് ഉൾപ്പെടെയുള്ള പദ്ധതികളിലൂടെ കേരളത്തിലെ ആയിരക്കണക്കിന് ചെറുപ്പക്കാർക്ക് തൊഴിൽ നൽകാനാകും.
പെട്രോൾ, ഡീസൽ, ഏവിയേഷൻ ഫ്യൂവൽ എന്നിവയിൽ പത്തുശതമാനം ജൈവ ഇന്ധനം ചേർക്കാനുള്ള ശ്രമങ്ങൾ വിജയകരമായി മുന്നോട്ടുപോവുകയാണ്. ഇത് 25 ശതമാനമാക്കുകയാണ് ലക്ഷ്യം. അതുവഴി എണ്ണ ഇറക്കുമതി പത്ത് ശതമാനം വരെ കുറയ്ക്കാം. ആയിരക്കണക്കിന് കോടി രൂപ ലാഭിക്കാം. 2021ഓടെ ഈ ലക്ഷ്യം നേടാനാകും.
എല്ലാ വീടുകൾക്കും പാചക വാതക കണക്‌ഷൻ എന്ന ലക്ഷ്യം ഉടൻ പൂർത്തിയാകും. ലോകത്തെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതി ആയുഷ്മാൻ ഭാരത് എന്ന പേരിൽ നടപ്പിലാക്കിയെന്നും മോദി പറഞ്ഞു.