തൃശൂർ: നൂൽനൂൽക്കൽ ക്ലാസിലേക്ക് ഗാന്ധിജി കയറിവന്നപ്പോൾ കണ്ടത് ഏറ്റവും കൂടുതൽ വേഗത്തിലും മികവിലും നൂൽനൂറ്റിരുന്ന മല്ലികയെയായിരുന്നു. ഗാന്ധിജി ആ കുട്ടിയെ ചേർത്ത് നിറുത്തി അനുഗ്രഹിച്ചു. സമ്മാനവും നൽകി. അന്നത്തെ കൊച്ചുമിടുക്കി, മല്ലികത്തമ്പുരാട്ടി വിടപറയുന്നതോടെ മാഞ്ഞുപോകുന്നത് സ്വാതന്ത്ര്യ സമരകാലഘട്ടത്തിന്റെ ഒരേട് കൂടിയാണ്. 1927 ഒക്ടോബർ 14നായിരുന്നു ഗാന്ധിജിയെ നേരിൽക്കണ്ട് അവർ സമ്മാനം വാങ്ങിയത്.
അയിത്തോച്ചാടനത്തിന്റെ ഭാഗമായുള്ള ഗാന്ധിജിയുടെ രണ്ടാം കേരള സന്ദർശനത്തിലായിരുന്നു തൃശൂരിലെത്തുന്നത്. വിവേകോദയം സ്കൂളിൽ എത്തിയപ്പോഴായിരുന്നു ആ സുവർണ്ണ നിമിഷങ്ങൾ. ഗാന്ധിജിയുടെ സ്വദേശി വസ്ത്ര പ്രചരണത്തിന്റെ ഭാഗമായി ചർക്കയിൽ നൂൽനൂൽക്കുന്നത് സ്കൂളിൽ പ്രോത്സാഹിപ്പിച്ചിരുന്നു. ചർക്കയിൽ നൂൽനൂൽക്കൽ ക്ളാസായി തന്നെ സ്കൂളിൽ നടന്നിരുന്നു.
ദേശഭക്തി ഗാനങ്ങളടങ്ങിയ പുസ്തകങ്ങളും, ചെറിയ തക്ളിയുമായിരുന്നു അന്ന് ഗാന്ധിജി കൈമാറിയ സമ്മാനം. ഏറെക്കാലം അത് നിധിയായി സൂക്ഷിച്ചുവെങ്കിലും പിന്നീട് അത് നഷ്ടപ്പെട്ടു. സന്ദർശകരാരെങ്കിലും എത്തിയാൽ ആ നഷ്ടത്തെ കുറിച്ച് വേവലാതിപ്പെട്ടിരുന്നു. അന്നത്തെ ഗാന്ധിജിയുടെ സന്ദർശനത്തിന്റെ സാക്ഷ്യപത്രം കൈയൊപ്പോടെ ഇപ്പോഴും വിവേകോദയം സ്കൂളിലുണ്ട്. കുന്നംകുളം മണക്കുളം കോവിലകത്ത് കാവുകുട്ടി തമ്പുരാട്ടിയുടെയും കുറൂർ അഷ്ടമൂർത്തി നമ്പൂതിരിപ്പാടിന്റെയും മകളായി കൊല്ലവർഷം 1101 എടവം 22നാണ് മല്ലികത്തമ്പുരാട്ടിയുടെ ജനനം. കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടിന്റെ ജ്യേഷ്ഠപുത്രിയായ മല്ലിക തമ്പുരാട്ടി ചെറുപ്പംമുതലേ ഗാന്ധിജിയുടെ ആദർശങ്ങളിൽ ആകൃഷ്ടയായിരുന്നു.
കൊച്ചുകുട്ടിയായിരുന്നപ്പോൾ തന്നെ നെയ്ത്ത് കണ്ടുവളർന്ന മല്ലിക തമ്പുരാട്ടി മൂന്നാം വയസ് മുതൽ സ്വന്തമായി നെയ്യാൻ തുടങ്ങി. 33ാം വയസിൽ തന്റെ വിവാഹത്തിന് ആവശ്യമായ വസ്ത്രങ്ങളും സ്വയം തയ്യാറാക്കി. സ്വന്തമായി അദ്ധ്വാനിച്ച സമ്പാദ്യത്തിൽ നിന്നാണ് വിവാഹത്തിന് വേണ്ട ആഭരണങ്ങൾ വാങ്ങിയതും. നൂൽനൂറ്റ് വസ്ത്രങ്ങളുണ്ടാക്കി ഖാദിയിൽ നൽകുമ്പോൾ ലഭിക്കുന്ന പണം സ്വരുക്കൂട്ടി വച്ചാണ് ആഭരണങ്ങൾ വാങ്ങിയതെന്ന് തമ്പുരാട്ടി ഓർക്കുന്നു. മുക്കാൽ അണയായിരുന്നു അന്ന് ലഭിച്ചിരുന്നത്.
ആഴ്ചയിൽ 15 കഴിയോളം നൂൽനൂൽക്കും. ഇത് അടുത്തുള്ള ഖാദിയിൽ കൊണ്ടുപോയി വിൽക്കും. മണക്കുളം കോവിലകത്തെ എല്ലാവർക്കും അന്ന് നൂൽനൂൽക്കാൻ അറിയാമായിരുന്നു. കുന്നംകുളം ഗേൾസ് ഹൈസ്കൂളിൽ നിന്നും പത്താം ക്ലാസ് പാസായി. മുഴുവൻ സമയം നൂൽനൂൽപ്പായിരുന്നു ജോലി. ഭർത്താവ് വാരണക്കോട് കൃഷ്ണൻ നമ്പൂതിരിയും നൂൽനൂൽക്കാൻ പ്രചോദനം നൽകി. അമ്പത് വയസുവരെ മല്ലിക തമ്പുരാട്ടി നൂൽനൂറ്റിരുന്നു. 2012ൽ ദേശീയഗാനത്തിന്റെ സുവർണ ജൂബിലി ആഘോഷത്തിൽ ചർക്ക നൽകി തൃശൂർ ദൂരദർശനും, നവതി വേളയിൽ തൃശൂർ പൗരവാലിയും മല്ലിക തമ്പുരാട്ടിയെ ആദരിച്ചു.
കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടിന്റെ ജ്യേഷ്ഠപുത്രിയും, കലാമണ്ഡലം യാഥാർത്ഥ്യമാക്കുന്നതിൽ വള്ളത്തോളിനൊപ്പം പ്രയത്നിച്ച മണക്കുളം മുകുന്ദരാജയുടെ മരുമകളുമാണ്. ആദ്യകാലത്ത് കലാമണ്ഡലം പ്രവർത്തിച്ചത് മണക്കുളം കോവിലകത്തായിരുന്നു....