തൃശൂർ: പാർട്ട് ടൈം അദ്ധ്യാപക ഒഴിവുകളിൽ സ്വന്തക്കാരെ തിരുകിക്കയറ്റാൻ ജില്ലാ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുൾപ്പെട്ട സംഘം അട്ടിമറി നടത്തിയതായി വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ജില്ലയിൽ പാർട്ട് ടൈം സംസ്‌കൃത അദ്ധ്യാപക തസ്തികകളിൽ ജോലി ചെയ്യുന്നത് ഫുൾ ടൈം അദ്ധ്യാപകരുടെ മുഴുവൻ ആനുകൂല്യങ്ങളും വാങ്ങുന്ന പാർട്ട് ടൈം അദ്ധ്യാപകരോ ഫുൾ ടൈം അദ്ധ്യാപകരോ ആണെന്ന ഹൈസ്‌കൂൾ പാർട്ട് ടൈം സ്‌കൂൾ അദ്ധ്യാപക റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ പരാതിയിലായിരുന്നു അന്വേഷണം.
2018 ജൂണിലാണ് പാർട് ടൈം സംസ്‌കൃത അദ്ധ്യാപക തസ്തികയുടെ പട്ടിക പി.എസ്.സി. പ്രസിദ്ധീകരിച്ചത്. അദ്ധ്യയന വർഷം അവസാനിക്കാനിരിക്കെ മൂന്നു ഒഴിവുകളിലേക്ക് മാത്രമാണ് നിയമനം നടത്തിയത്. ഉദ്യോഗാർത്ഥികൾ നടത്തിയ അന്വേഷണത്തിൽ അർഹതപ്പെട്ട എട്ട് പാർട്ട് ടൈം പോസ്റ്റിലേക്ക് ഫുൾ ടൈം അദ്ധ്യാപകരെ നിയമിച്ചതായി കണ്ടെത്തി. ഇതേക്കുറിച്ച് ജില്ലാ വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.
ഇതേത്തുടർന്നാണ് ഉദ്യോഗാർത്ഥികൾ വിജിലൻസിനെ സമീപിച്ചത്. പാർട്ട് ടൈം പോസ്റ്റിൽ ഫുൾ ടൈം അദ്ധ്യാപകരെ നിയമിക്കുമ്പോൾ സർക്കാരിന് വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. ഇക്കാര്യം ഉദ്യോഗാർത്ഥികൾ വിജിലൻസിനെ ധരിപ്പിച്ചു. ആരോപണം ഉയർന്ന 14ഓളം നിയമനങ്ങളുടെ സാധുത വിജിലൻസ് സംഘം നേരിട്ട് സ്‌കൂളിലെത്തി പരിശോധിച്ചു. പാർട്ട് ടൈം അദ്ധ്യാപക തസ്തികയ്ക്കുള്ള കുട്ടികൾപോലും ഇല്ലാതെയാണ് ഫുൾ ടൈം അദ്ധ്യാപകരെ നിയമിച്ചതെന്ന് കണ്ടെത്തി. മുഴുവൻ സ്‌കൂളുകളിൽ നിന്നും രേഖകൾ വിജിലൻസ് ശേഖരിച്ചു. സ്‌കൂളുകളിലെ പ്രധാനാദ്ധ്യാപകർ അസാധാരണമായ നിയമനത്തിലുള്ള അന്ധാളിപ്പ് വിജിലൻസിനെ അറിയിച്ചിട്ടുണ്ട്.
മരത്തംകോട്, മണലൂർ, ചാലക്കുടി, തളിക്കുളം, കൊടുങ്ങല്ലൂർ, പുല്ലൂറ്റ്, കൊടകര എന്നീ ഗവ. ഹൈസ്‌കൂളിലെ പാർട്ട് ടൈം അദ്ധ്യാപക പോസ്റ്റിൽ ജോലി ചെയ്യുന്നത് ഫുൾ ടൈം അദ്ധ്യാപകരുടെ മുഴുവൻ ആനുകൂല്യങ്ങളും വാങ്ങുന്നവരാണ്. മറ്റ് ജില്ലകളിൽ ഇത്തരക്കാരെ സീനിയോറിറ്റി പ്രകാരം ഒഴിവുള്ള ഫുൾ ടൈം പോസ്റ്റിലേക്ക് മാറ്റി നിയമിക്കുന്നുണ്ട്. ഇതനുസരിച്ച് പാർട്ട് ടൈം പോസ്റ്റിൽ ഒഴിവ് വരികയും പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിക്കുകയും ചെയ്യുന്നു. ഇതിനു നേർ വിപരീതമാണ് ജില്ലയിലെ സ്ഥിതി.
ഗുരുതരമായ പരാതി
തലയെണ്ണലിനു ശേഷം ജി.എച്ച്.എസ്.എസ്. പെരിങ്ങോട്ടുകര, ജി.വി.എച്ച്.എസ്. ഫോർ ബോയ്‌സ് കുന്നംകുളം, ജി.എച്ച്.എസ്. തളിക്കുളം എന്നീ സ്‌കൂളുകളിൽ ഫുൾ ടൈം തസ്തികയ്ക്കനുസരിച്ച് പിരിയഡും കുട്ടികളുമില്ല. എന്നിട്ടും ഫുൾ ടൈം സംസ്‌കൃത അദ്ധ്യാപകരെ നിയമിച്ചു. ജി.എച്ച്.എസ്. കാട്ടൂർ, ജി.എച്ച്.എസ്.എസ്. താന്ന്യം, ജി.ജി.എച്ച്.എസ്.എസ് ഇരിങ്ങാലക്കുട എന്നിവിടങ്ങളിൽ പാർട്ട് ടൈം തസ്തിക നഷ്ടമാവുകയും ചെയ്തു. ഒരേ കാര്യത്തിന് രണ്ടുതരത്തിലുള്ള നീതി നടപ്പിലാക്കിയെന്നായിരുന്നു തെളിവുസഹിതം ഉദ്യോഗാർത്ഥികളുടെ പരാതി.