തൃശൂർ: ഇൻഷ്വറൻസ് തുക ലഭിക്കാൻ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട വ്യവസായി ഇൻഷ്വറൻസ് കമ്പനി ഓഫീസിൽ നാളെ സത്യഗ്രഹ സമരം ആരംഭിക്കും. വാടാനപ്പള്ളി തൃത്തല്ലൂരിലെ അൽ മലബാർ കോക്കനട്ട് പ്രൊഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർ കെ.വി. മോഹനനാണ് സമരം നടത്തുക. 'തെങ്ങിന്റെ വക്കീൽ' എന്നറിയപ്പെടുന്ന മോഹനൻ നാലര കോടി രൂപയ്ക്കാണു കമ്പനിയിലെ യന്ത്രോപകരണങ്ങളും സ്റ്റോക്കും ഇൻഷ്വർ ചെയ്തിരുന്നത്. പ്രളയത്തിനു തൊട്ടടുത്ത ദിവസംതന്നെ ഇൻഷ്വറൻസ് കമ്പനിയായ ബജാജ് അലയൻസിൽ ക്ലെയിമിനായി അപേക്ഷ നൽകി. ആഴ്ചതോറും പരിശോധനകളും നടത്തിക്കലും മാത്രമല്ലാതെ പണം നൽകാൻ നടപടിയുണ്ടായില്ലെന്ന് മോഹനൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. മോറട്ടോറിയം പ്രഖ്യാപിച്ചെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും ബാങ്കും ദ്രോഹ നടപടികളാണ് സ്വീകരിച്ചതെന്ന് മോഹനൻ പറഞ്ഞു.