chikilsa-pizhavu
വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഹാഷിം.

എരുമപ്പെട്ടി: എരുമപ്പെട്ടി സർക്കാർ ആശുപത്രിയിൽ ചികിത്സാപ്പിഴവ് സംഭവിച്ചതായി പരാതി. ഗുരുതരാവസ്ഥയിലായ പതിമൂന്നുകാരനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയും എരുമപ്പെട്ടി ടെലിഫോൺ എക്‌സേഞ്ചിന് സമീപം തറയിൽ വീട്ടിൽ സലീം സബീന ദമ്പതികളുടെ മകനുമായ ഹാഷിമാണ് സർക്കാർ ആശുപത്രിയിൽ സംഭവിച്ച ചികിത്സാപ്പിഴവിൽ ദിവസങ്ങളോളം ദുരിതം അനുഭവിച്ചത്.

കഴിഞ്ഞ ജനുവരി എട്ടിന് കളിസ്ഥലത്ത് വച്ചുണ്ടായ അപകടത്തിൽ കാൽമുട്ടിൽ മരക്കമ്പ് കയറിയതിനെ തുടർന്നാണ് ഹാഷിമിനെ എരുമപ്പെട്ടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ കാൽമുട്ടിൽ തറച്ച് കയറിയ മരക്കമ്പ് പൂർണ്ണമായും നീക്കം ചെയ്യാതെ ഭാഗികമായി മാത്രം നീക്കി ഹാഷിമിനെ ഡോക്ടർ വീട്ടിലേക്ക് അയക്കുകയാണുണ്ടായത്. വീട്ടിലെത്തിയ ഹാഷിമിന് കടുത്ത പനിയും കാലിൽ നീരും അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും എരുമപ്പെട്ടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സിച്ച ഡോക്ടർക്ക് കുഴപ്പമാന്നും കണ്ടെത്താനായില്ല.

കാൽമുട്ടിൽ പഴുപ്പും, പനിയും കൂടിയതിന് തുടർന്ന് ജനുവരി 16ന് മരത്തംകോട് അൽ അമീൻ ആശുപത്രിയിൽ ചികിത്സ ത്തേടിയെങ്കിലും കുഴപ്പമില്ലെന്ന് വിധിയെഴുതിയ ഡോക്ടർ മൂന്ന് ദിവസത്തെ മരുന്നിനെഴുതി ഹാഷിമിനെ വീട്ടിലേക്കയച്ചു. കാൽ മുട്ടിന് മുകളിൽ തുടയിലെ മാംസത്തിനുള്ളിൽ മരകൊമ്പിന്റെ കഷ്ണവുമായി കടുത്ത വേദനയിൽ കാഴിഞ്ഞ ഹാഷിം ജനുവരി 25ന് പനി മൂർച്ചിച്ച് ക്ലാസ് റൂമിൽ ബോധമറ്റ് വീണു. ഗുരുതരാവസ്ഥയിലായ കുട്ടിയെ വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തു. കാൽമുട്ടിൽ നിന്നും ശേഷിച്ച മരക്കമ്പ് അന്ന് തന്നെ നീക്കം ചെയ്തു. സർക്കാർ ആശുപത്രിയിലെ ഡോക്ടറുടെ പിഴവ് മൂലം രണ്ടാഴ്ചയിൽ കൂടുതൽ ദുരിതം അനുഭവിച്ച ഹാഷിം ഇപ്പോൾ സുഖം പ്രാപിച്ച് വരുന്നു.