hittachi-
പൊലീസ് പിടികൂടിയ ഹിറ്റാച്ചി

എരുമപ്പെട്ടി: കടങ്ങോട് മേഖലയിൽ അനധികൃതമായി പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറികളിൽ എരുമപ്പെട്ടി പൊലീസ് നടത്തിയ പരിശോധനയിൽ മൂന്ന് ഹിറ്റാച്ചികൾ പിടികൂടി. സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് എസ്.ഐ. സുബിന്തിന്റെ നേതൃത്വത്തിൽ പൊലീസ് ഇന്നലെ പുലർച്ചെ ക്വാറികളിൽ മിന്നൽ പരിശോധന നടത്തിയത്. അനുമതിയില്ലാതെ മയിലാടും കുന്നിൽ പ്രവർത്തിച്ചിരുന്ന ക്വാറിയിൽ നിന്നാണ് കല്ല് പൊട്ടിക്കുന്ന യന്ത്രങ്ങളായ ഹിറ്റാച്ചികൾ പിടികൂടിയത്.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറികൾക്കെതിരെ നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. ഇതിന് മുമ്പും ക്വാറികളിൽ നിന്നും ടിപ്പർ ലോറികളും, ഹിറ്റാച്ചികളും, ജെ.സി.ബികളും പിടിച്ചെടുത്തിട്ടുണ്ട്. തൃശൂർ ആർ.ഡി.ഒയും മയിലാടുംകുന്ന്, മല്ലൻക്കുഴി ക്വാറികളിൽ പരിശോധന നടത്തി. കടങ്ങോട് കുന്നിലെ ക്രഷറുകൾ ഉൾപ്പടെയുള്ള ക്വാറികൾ വൻ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന വിധത്തിലാണ് പ്രവർത്തിക്കുന്നതെന്ന പരാതിയെ തുടർന്നായിരുന്നു പരിശോധന. സ്ഥിതിഗതികൾ ഗുരുതരമാണെന്ന് കണ്ടെത്തിയ ആർ.ഡി.ഒ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ വില്ലേജ് ഓഫീസർക്ക് ഉത്തരവ് നൽകിയിട്ടുണ്ട്.