kavadi
കാരമുക്ക് ശ്രീ ചിദംബര ക്ഷേത്രത്തിലേക്ക് വർണക്കാവടികൾ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രവേശിക്കുന്നു.

കാഞ്ഞാണി : ശ്രീ നാരായണ ഗുരുദേവന്റെ തൃക്കൈകളാൽ ദീപപ്രതിഷ്ഠ നടത്തിയ കാരമുക്ക് ശ്രീ ചിദംബര ക്ഷേത്രത്തിലെ കാവടി മഹോത്സവം വർണ്ണാഭമായി. ഭക്തി നിർഭരവും, വൈവിദ്ധ്യവുമാർന്ന വിവിധ ദേശക്കാരുടെ ഗോപുരക്കാവടികളും, പൂക്കാവടികളും താളമേള വാദ്യങ്ങളോടെ ആടിത്തിമിർത്തു.

ഒപ്പത്തിനൊപ്പം പൂക്കാവടികളും വർണവിസ്മയത്തിൽ ആടിത്തിമിർത്തു. ശിങ്കാരിമേളത്തിന്റെ അകമ്പടിയിൽ എത്തിയ കാളി നൃത്തം, അരയന്ന നൃത്തം, വർണപ്പീലികൾ വിടർത്തിയാടി മയിലാട്ടവും ഉത്സവപ്പറമ്പിനെ മനോഹാരിതമാക്കി. ശിങ്കാരിമേളവും, ഉടുക്കും, നാദസ്വരവും ആസ്വാദക ഹൃദയങ്ങളെ ആഘോഷത്തിന്റെ നെറുകയിലെത്തിച്ചു. പ്രളയത്തിന്റെ പ്രഹരം അനുഭവിച്ചറിഞ്ഞ മണലൂരിന്റെ മണ്ണിൽ ഓർമ്മകളെയും കാവടിക്കിടെ ദൃശ്യവത്കരിച്ചു.

വഞ്ചിയിലെത്തി പ്രളയ കേരളത്തെ ഹെലികോപ്റ്ററിലേക്ക് എടുത്തുയർത്തി രക്ഷിക്കുന്ന മുക്കുവരുടെ നിശ്ചല ദൃശ്യവും മനോഹരമായി. എട്ട് കരകളിൽ നിന്നുള്ള സംഘങ്ങളാണ് ഗ്രാമവീഥികളിൽ ആടി തിമിർത്ത് കാരമുക്ക് ചിദംബര ക്ഷേത്രത്തിലെത്തിയത്. യുവജനവേദിയുടെ സംഘമാണ് ആദ്യം അഭിഷേകം നടത്തിയത്. തുടർന്ന് കാഞ്ഞാണി വടക്ക് കര, മണലൂർ കിഴക്ക് കര, ശ്രീ നാരായണ ഭക്തസംഘം കണ്ടശ്ശാംകടവ് , മാമ്പുള്ളി കര, പാലാഴി കര, കാരമുക്ക് വടക്ക് കര തുടങ്ങിയവരും വർണക്കാവടികളുമായി ക്ഷേത്രത്തിലെത്തി . സമാജം മേൽശാന്തി സിജിത്ത് ശാന്തിയുടെ കാർമ്മികത്വത്തിൽ പൂജാദി കർമ്മങ്ങളും നടത്തി. കാവടി അഭിഷേകത്തെ തുടർന്ന് ചുറ്റുവിളക്കും, നിറമാലയും നടന്നു.