അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം നൽകും
തൃശൂർ: മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയിൽ റോഡ് നിർമ്മാണത്തിലെ അപാകതകളും മെല്ലെപ്പോക്കും കാരണം തുടർച്ചയായി അപകടങ്ങൾ സംഭവിക്കുകയും മരണങ്ങൾ ഉണ്ടാവുകയും ചെയ്യുന്നുവെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ അംഗം പി. മോഹനദാസ് ദേശീയ പാതയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കാൻ നിർദ്ദേശം നൽകുമെന്നും മനുഷ്യ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം ഇനി ഉണ്ടാകരുതെന്നും കമ്മിഷൻ പറഞ്ഞു.
മുളയം, മുടിക്കോട്, പട്ടിക്കാട്, കുതിരാൻ എന്നീ പ്രദേശങ്ങളിലാണ് കമ്മിഷൻ സന്ദർശനം നടത്തിയത്. റോഡ് നിർമ്മാണത്തിൽ നിരവധി അപാകതകൾ ഉള്ളതായി കമ്മിഷൻ വിലയിരുത്തി. പാതയിൽ ആവശ്യത്തിന് ഡിവൈഡറുകൾ ഇല്ലെന്നും അടിപ്പാതകളുടെ നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നതായും ഇത് പൊതുജനങ്ങൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും കമ്മിഷൻ വിലയിരുത്തി. ദേശീയപാതയിലെ കുറെ സ്ഥലങ്ങൾ പണി പൂർത്തിയായിട്ടുണ്ടെങ്കിലും ചില സ്ഥലങ്ങൾ ഇപ്പോഴും പരിതാപകരമായ അവസ്ഥയിലാണെന്ന് അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
ഈ കാര്യങ്ങൾ സംബന്ധിച്ച് ഫെബ്രുവരി 14ന് നടക്കുന്ന സിറ്റിംഗിൽ നാഷണൽ ഹൈവേ അതോറിറ്റി, കരാറുകാർ, സ്റ്റേറ്റ് പി.ഡബ്ല്യു.ഡി, ഭൂവുടമകൾ എന്നിവരുടെ നിലപാട് അറിഞ്ഞശേഷം ആവശ്യമെങ്കിൽ ദേശീയ മനുഷ്യാവകാശ കമ്മിഷന് നടപടിക്കായി റിപ്പോർട്ട് നൽകും. അടിപ്പാത വിഷയം ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ അക്കാര്യത്തിൽ കമ്മിഷൻ നിസഹായരാണ്. അതേസമയം കുതിരാനിലെ മണ്ണിടിച്ചിലിന് നാഷണൽ ഹൈവേ അതോറിറ്റിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനാവില്ലെന്നും ഫോറസ്റ്റ് വകുപ്പിന്റെ അനുമതി കിട്ടാത്തതിനാൽ ഇടിഞ്ഞ മണ്ണ് നീക്കം ചെയ്യാൻ മാത്രമേ തങ്ങൾക്ക് കഴിയൂവെന്നും ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ദേശീയപാതയുടെ പണി പൂർത്തീകരിക്കുന്നതിനും നിലവിലുള്ള റോഡ് ഗതാഗത യോഗ്യമാക്കുന്നതിനും മണ്ണിടിച്ചിൽ തടയുന്നതിനും മുളയം മുടിക്കോട് അടിപ്പാതകൾ പൂർത്തീകരിക്കുന്നതിനും അടിയന്തര നടപടി ആവശ്യപ്പെട്ട് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത് മനുഷ്യാവകാശ കമ്മിഷന് നൽകിയ ഹർജിയെ തുടർന്നായിരുന്നു സന്ദർശനം. പരാതി നൽകിയ അഡ്വ. ഷാജി കോടങ്കണ്ടത്ത്, നാഷണൽ ഹൈവേ ഉദ്യോഗസ്ഥർ, കരാറുകാരുടെ പ്രതിനിധി തുടങ്ങിയവരും സന്നിഹിതരായി. കുതിരാനിലെ തുരങ്കം മുഴുവൻ നടന്ന് കണ്ട ശേഷമാണ് സംഘം മടങ്ങിയത്.
51 കേസുകൾ പരിഗണിച്ചു
രാവിലെ നടന്ന മനുഷ്യാവകാശ കമ്മിഷൻ സിറ്റിംഗിൽ 51 കേസുകൾ പരിഗണിക്കുകയും 2 കേസുകൾ തീർപ്പാക്കുകയും ചെയ്തു. പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസിൽ മനുഷ്യാവകാശ കമ്മിഷൻ അംഗം പി. മോഹനദാസിന്റെ അദ്ധ്യക്ഷതയിലാണ് സിറ്റിംഗ് നടന്നത്. 14 കേസുകൾ ഉത്തരവിന് മാറ്റി. തളിക്കുളം പഞ്ചായത്ത് മൂന്നാം വാർഡിൽ എ.വി അബ്ദുള്ളയുടെ പീടികമുറി വാടകയ്ക്ക് എടുത്തവർ മുറി ഒഴിഞ്ഞു നൽകുന്നില്ല എന്ന പരാതി ഉൾപ്പെടെ 4 പുതിയ പരാതികളാണ് കമ്മിഷൻ മുമ്പാകെ പുതുതായി വന്നത്. ഫ്രെബുവരി 14 നാണ് കമ്മിഷന്റെ അടുത്ത സിറ്റിംഗ്....