തൃശൂർ: ആരാധനാലയങ്ങളിലെ ഭക്ഷണവിതരണം, പ്രസാദ ഊട്ട്, തിരുനാൾ ഊട്ട് എന്നിവയ്ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ രജിസ്‌ട്രേഷൻ നിർബന്ധമാക്കി. ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ നിർദേശ പ്രകാരം സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷണറാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ക്ഷേത്രങ്ങൾ, മുസ്‌ളീം പള്ളികൾ, ക്രിസ്ത്യൻ ദേവാലയങ്ങൾ എന്നിവിടങ്ങളിൽ പ്രസാദമായോ ഭക്ഷണമായോ ആഹാരപദാർത്ഥങ്ങൾ വിതരണം ചെയ്യുന്നുണ്ടെങ്കിൽ ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷൻ എടുക്കണം. ഇതുസംബന്ധിച്ച വിശദ വിവരങ്ങൾ ചർച്ച ചെയ്യുന്നതിന് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ആരാധനാലയത്തിലെ പ്രതിനിധികളുടെ യോഗം ജനുവരി 30 ന് 11 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ജില്ലയിലെ ഭക്ഷണവിതരണം നടത്തുന്ന ആരാധനാലയങ്ങളിലെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കണമെന്ന് ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണർ ജി. ജയശ്രീ അറിയിച്ചു. രജിസ്‌ട്രേഷൻ ഇല്ലാതെ ഭക്ഷണവിതരണം നടത്തുന്നത് അഞ്ച് ലക്ഷം രൂപ പിഴയും ആറ് മാസം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്. രജിസ്‌ട്രേഷന് നൂറുരൂപയാണ് ഒരു വർഷത്തെ ഫീസ്. ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. അക്ഷയകേന്ദ്രങ്ങൾ വഴി അപേക്ഷിക്കാം. അപേക്ഷകന്റെ തിരിച്ചറിയൽ കാർഡിന്റെ കോപ്പിയും ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോയും അപേക്ഷയോടൊപ്പം സമർപ്പിക്കണം. വിവരങ്ങൾക്ക് അസി. ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ 8943346188, 0487 2424158 എന്നീ നമ്പറുകളിലോ അതത് സർക്കിൾ ഭക്ഷ്യസുരക്ഷാ ഓഫീസർമാരുടെ നമ്പറിലോ ബന്ധപ്പെടാം....