തൃശൂർ: മിടുക്കരായ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കാൻ സൗത്ത് ഇന്ത്യൻ ബാങ്ക് ആരംഭിച്ച 'എസ്.ഐ.ബി സ്‌കോളർ" സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് കേരളത്തിൽ നിന്ന് 65പേരെ തിരഞ്ഞെടുത്തു. ബാങ്കിന്റെ മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ വി.ജി. മാത്യു പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. രണ്ടുവർഷത്തിനിടെ 104 പേർ പദ്ധതിയുടെ ആനുകൂല്യം കൊണ്ട് ഉന്നതവിദ്യാഭ്യാസം നേടുന്നുണ്ടെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.

തുടർച്ചയായ മൂന്നാം വർഷമാണ് എസ്.ഐ.ബി സ്‌കോളർ പദ്ധതി നടപ്പാക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ മിടുക്കരായ വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ്. ഓരോ ജില്ലയിലെയും സർക്കാർ സ്‌കൂളുകളിൽ നിന്നാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുത്തത്. എം.ബി.ബി.എസ്., ബി.ടെക് ഉൾപ്പെടെയുള്ള കോഴ്‌സുകളിൽ പഠിക്കാനുള്ള ഫീസ്, ഹോസ്‌റ്റൽ ഫീസ് എന്നിവ സ്‌കോളർഷിപ്പ് തുകയായി വിദ്യാർത്ഥികൾക്ക് നൽകും. നിലവിലുള്ള ഫീസ് ഘടന അനുസരിച്ച് ട്യൂഷൻ ഫീസ് ബാങ്ക് നൽകുകയോ അല്ലെങ്കിൽ നൂറു ശതമാനം റീ ഇംബേഴ്സ്‌മെന്റ് നൽകുകയോ ചെയ്യും. റെഗുലർ കോഴ്സ് കാലാവധിയിൽ പ്രതിമാസം നാലായിരം രൂപ ഹോസ്‌റ്റലിനും മറ്റു ജീവിതച്ചെലവിനുമായി നൽകും.

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.

തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ സംഗമം ഇന്നലെ തൃശൂരിൽ നടന്നു. ബാങ്കിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമാരായ കെ. തോമസ് ജോസഫ്, ജി. ശിവകുമാർ, എസ്‌.ഐ.ബി ഫൗണ്ടേഷൻ ട്രസ്‌റ്റി ഡോ. ക്രിസ്‌റ്റി ഫെർണാണ്ടസ്, സീനിയർ ജനറൽ മാനേജർ ടി.ജെ. റാഫേൽ എന്നിവർ സംസാരിച്ചു.