തൃശൂർ: പാർട്ടി പറഞ്ഞാൽ വീണ്ടും മത്സരിക്കുമെന്ന് സി.എൻ. ജയദേവൻ എം.പി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്ഥാനാർത്ഥികളുടെ കാര്യത്തിൽ പാർട്ടി നിശ്ചയിച്ച മാനദണ്ഡം വിജയസാദ്ധ്യതയാണ്. സി.പി.ഐക്ക് നൽകിയിട്ടുള്ള നാലു സീറ്റുകളും വിജയസാദ്ധ്യതയുള്ളതാണ്. സി.പി.ഐയ്ക്ക് വിജയസാദ്ധ്യതയുള്ള സീറ്റുകളിൽ ഒന്നാമത്തേതാണ് തൃശൂർ. തിരുവനന്തപുരത്ത് സംഭവിച്ചതെല്ലാം തിരുത്തി. നല്ല മത്സരത്തിനാണ് ഇപ്പോൾ വഴിയൊരുങ്ങുന്നത്. നിയമസഭയിലേക്ക് രണ്ടു തവണ മത്സരിച്ചവർക്ക് പാർട്ടി അവസരം നൽകാറില്ല. എന്നാൽ ലോക്‌സഭയിലേക്ക് മത്സരിക്കുന്ന മാനദണ്ഡം സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അടുത്ത ദിവസം കൂടുന്ന യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമെടുക്കും. കേരളത്തിന് പുറത്ത് കോൺഗ്രസുമായി കൂട്ടുകൂടുന്നതിനോട് സി.പി.ഐക്ക് വിരോധമില്ല.
മുമ്പും കോൺഗ്രസുമായി ഒന്നിച്ചിട്ടുണ്ട്. എന്നാൽ, സി.പി.എം പ്രവർത്തകർക്ക് അക്കാര്യത്തിൽ സ്വാഭാവികമായും എതിർപ്പുണ്ടാകും. കോൺഗ്രസ് ബൂർഷ്വാ പാർട്ടിയാണെന്നതിൽ മാറ്റമില്ല. പക്ഷേ, ബി.ജെ.പി വർഗീയ സംഘടനയാണ്. അതുകൊണ്ട് ബി.ജെ.പി സർക്കാരിനെ താഴെയിറക്കുക എന്നതാണ് ലക്ഷ്യം. അതിന് പ്രാദേശിക ധാരണകൾ ആവാമെന്നാണ് നിർദ്ദേശമെന്നും അദ്ദേഹം പറഞ്ഞു.