സൗത്ത് ഇന്ത്യൻ ബാങ്കിൽ പെൻഷൻപ്രായം കുറയ്ക്കില്ല

തൃശൂർ: സി.എസ്.ആർ പദ്ധതിയിൽ ഉൾപ്പെടുത്തി സൗത്ത് ഇന്ത്യൻ ബാങ്ക് ഏറ്റെടുത്ത് നവീകരിക്കുന്ന തൃശൂർ വടക്കേ ബസ്‌ സ്റ്റാൻഡിന്റെ നിർമാണപ്രവർത്തനം കൃത്യസമയത്ത് തന്നെ പൂർത്തീകരിക്കുമെന്ന് ബാങ്ക് ഓപ്പറേഷൻ വിഭാഗം എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കെ. തോമസ് ജോസഫ് പറഞ്ഞു. പത്തുദിവസത്തിനകം വടക്കേ സ്റ്റാൻഡിന്റെ നിർമാണപ്രവർത്തനം ആരംഭിക്കും. ഇതിനായുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയതായും അദ്ദേഹം പറഞ്ഞു. 2018 നവംബർ 10ന് മന്ത്രി എ.സി മൊയ്തീനാണ് വടക്കേസ്റ്റാൻഡ് നവീകരണപ്രവർത്തനങ്ങൾക്ക് തറക്കല്ലിട്ടത്.

വിമാനത്താവള മാതൃകയിലുള്ള സ്റ്റാൻഡിന്റെ മുഴുവൻ നിർമാണപ്രവർത്തനങ്ങളും ഒരു വർഷത്തിനകം പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ബാങ്കിന്റെ അഭിമാനകരമായ ഈ പദ്ധതിക്ക് പ്രാഥമികമായി 5.5 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. യുദ്ധകാലാടിസ്ഥാനത്തിലാകും നിർമാണം. നിർമാണം ആരംഭിച്ച് എട്ടു മാസത്തിനകം പദ്ധതി പൂർത്തീകരിക്കും. 2019 നവംബർ 10ന് നവീകരിച്ച സ്റ്റാൻഡ് തുറന്നു നൽകാനാകുമെന്നും തോമസ് ജോസഫ് വ്യക്തമാക്കി.

സൗത്ത് ഇന്ത്യൻ ബാങ്കിൽ ഒരു കാരണവശാലും ജീവനക്കാരുടെ പെൻഷൻ പ്രായം കുറയ്ക്കില്ലെന്ന് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ വി.ജി മാത്യു പറഞ്ഞു.

തൃശൂർ ജില്ലാ ആസ്ഥാനമായുള്ള ഒരു ഷെഡ്യുൾ ബാങ്കിൽ പെൻഷൻപ്രായം 58 ആക്കി ചുരുക്കിയത് ചൂണ്ടിക്കാട്ടിയപ്പോഴാണ് പെൻഷൻ പ്രായം കുറക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്. സാധാരണക്കാർക്ക് ബാങ്കിംഗ് പ്രവർത്തനം സുഗമമായി നടത്താനും വായ്പാ ലഭ്യത ഉറപ്പാക്കാനുമാണ് റീട്ടെയിൽ മേഖലയ്ക്ക് പ്രാധാന്യം നൽകി തൊണ്ണൂറ് വർഷം മുമ്പ് ബാങ്ക് ആരംഭിച്ചത്. ആ പ്രവർത്തനം യാഥാർത്ഥ്യമാക്കുന്ന സേവനമാണ് മാനേജർ മുതൽ അറ്റൻഡർ വരെയുള്ള ജീവനക്കാരുടെ നേതൃത്വത്തിൽ ബാങ്കിന്റെ 912 ശാഖകളിലും നടക്കുന്നത്. കഴിഞ്ഞ ത്രൈമാസത്തിൽ ബാങ്കിന്റെ മൊത്തം ബിസിനസ് 1.37 ലക്ഷം കോടിയാണ്. 82 കോടിയാണ് ലാഭം. യൂണിയനുകളുടെ പ്രവർത്തനവും ബാങ്കിന്റെ പുരോഗതിക്ക് സഹായകമായിട്ടുണ്ട്. എല്ലാവരുടെയും സഹകരണത്തോടെ, ബാങ്കിന്റെ പ്രവർത്തനങ്ങൾ മികച്ചരീതിയിൽ മുന്നോട്ടുപോകുകയാണ്. അതുകൊണ്ട്, 60 വയസ് എന്ന റിട്ടയർമെന്റ് പ്രായം കുറയ്‌ക്കേണ്ട ഒരു സാഹചര്യവും നിലവിലില്ല. സൗത്ത് ഇന്ത്യ ബാങ്ക് മറ്റ് നാഷണലൈസ്ഡ് ബാങ്കുമായി ലയിക്കുമെന്ന വാർത്തകൾ ശരിയല്ലെന്നും ബാങ്കിന്റെ പ്രവർത്തനം സ്വതന്ത്രവും സുതാര്യവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.