തൃശൂർ: സാഹിത്യ അക്കാഡമിയുടെ ദേശീയ പുസ്തകോത്സവത്തിനും എഴുത്തരങ്ങ് സാംസ്‌കാരികോത്സവത്തിനും ഫെബ്രുവരി രണ്ടിന് തുടക്കമാകും. രാവിലെ 10.30ന് സാഹിത്യ അക്കാഡമി അങ്കണത്തിൽ തമിഴ് കവിയും നോവലിസ്റ്റുമായ സൽമ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും. അക്കാഡമി പ്രസിഡന്റ് വൈശാഖൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ബുള്ളറ്റിൻ പ്രകാശനം ചെയ്യും. വൈകിട്ട് 4.30ന് ഹലീമബീവി ജന്മശതാബ്ദി സമ്മേളനം സാഹിത്യ അക്കാഡമി അംഗം ബി.എം. സുഹ്‌റ ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള ഓരോ ദിവസങ്ങളിലും പുസ്തക പ്രകാശനം, കവി സമ്മേളനം, സെമിനാറുകൾ, അനശ്വര നാടക ഗാനങ്ങളുടെ അവതരണം, ആദര സമ്മേളനം എന്നിവ നടക്കും. ഫെബ്രുവരി 11ന് സമാപന സമ്മേളനം കലാമണ്ഡലം കൽപിത സർവകലാശാല വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ അക്കാഡമി പ്രസിഡന്റ് വൈശാഖൻ, സെക്രട്ടറി കെ.പി. മോഹനൻ, ഇ.ഡി. ഡേവീസ് എന്നിവർ പങ്കെടുത്തു.