എരുമപ്പെട്ടി: അടുക്കളത്തോട്ടത്തിൽ വിളഞ്ഞ ഭീമൻ പടവലം ലോക റെക്കോർഡ് മറി കടക്കാനുള്ള ശ്രമത്തിലാണ്. കടങ്ങോട് സ്വദേശി സാർക്ക് എന്ന് വിളിക്കുന്ന കൂനുങ്ങൽ മുഹമ്മദ് റസാക്കിന്റെ അടുക്കളത്തോട്ടത്തിലാണ് ഏഴടിക്ക് മേൽ നീളമുള്ള പടവലം വിളഞ്ഞ് കിടക്കുന്നത്. പടവലം ഇപ്പോഴും വളർന്നുകൊണ്ടിരിക്കുകയാണ്. ഇന്റർനെറ്റിൽ നിന്നും ലഭ്യമായ വിവരം അനുസരിച്ച് ലോകത്തിലെ ഭീമൻ പടവലം പിറവിയെടുത്തത് അമേരിക്കയിലാണ്. എട്ടടിക്ക് മീതെയാണ് നീളം. വളർച്ച പൂർത്തിയാകാത്ത മുഹമ്മദ് റസാക്കിന്റെ അടുക്കളത്തോട്ടത്തിലെ പടവലം റെക്കോർഡ് അടിസ്ഥാനത്തിൽ ഇപ്പോൾ രണ്ടാം സ്ഥാനത്താണ്. നിലം തൊടാറായ പടവലത്തിന് ഇനി വളരാൻ മണ്ണ് നീക്കേണ്ട അവസ്ഥയാണ്. പടവലം ഇനിയും വളർന്ന് ലോക റെക്കോർഡ് മറികടക്കുമെന്ന പ്രതിക്ഷയിലാണ് സാർക്കും കുടുംബവും.