തൃശൂർ : 12 വയസുകാരിയായ മകളെ ബലാത്സംഗം ചെയ്ത പിതാവിനെ 12 വർഷം തടവിനും 35,000 രൂപ പിഴയടക്കുന്നതിനും തൃശൂർ ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജ് സി. സൗന്ദരേഷ് ശിക്ഷ വിധിച്ചു. പിഴയടയ്ക്കാത്ത പക്ഷം ഒരു വർഷം മൂന്ന് മാസം കൂടി അധികതടവ് അനുഭവിക്കണം. പിഴയടച്ചാൽ അത് ഇരയായ പെൺകുട്ടിയുടെ പേരിൽ ദേശസാത്കൃത ബാങ്കിൽ നിക്ഷേപിക്കണമെന്നും കോടതി വിധിയിൽ പറഞ്ഞിട്ടുണ്ട്.
2011 ഡിസംബർ 18നായിരുന്നു സംഭവം. കുട്ടിയുടെ മാതാവിന്റെ പരാതിയിൽ പുതുക്കാട് സി.ഐ. ആയിരുന്ന പി.എസ്. സുരേഷാണ് കേസ് അന്വേഷിച്ചത്. ഓണപരീക്ഷാക്കാലത്ത് കുട്ടി കരഞ്ഞിരിക്കുന്നത് കണ്ട് മാതാവ് കാരണമന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. നേരത്തെ വീട്ടിൽവെച്ച് പലതവണ കുഞ്ഞിനെ ക്രൂരമായി പീഡന വിധേയമാക്കിയിരുന്നെങ്കിലും കൊല്ലുമെന്ന ഭീഷണി ഭയന്ന് കുട്ടി ആരോടും പറഞ്ഞിരുന്നില്ല. സ്‌കൂളിലും, വീട്ടിലും വിഷാദത്തോടെ ഇരുന്ന കുട്ടിയോട് അമ്മ പല തവണ ചോദിച്ചെങ്കിലും ഭീഷണി ഭയന്ന് കുട്ടി ഒന്നും വെളിപ്പെടുത്താൻ തയ്യാറായില്ല. കുട്ടിയുടെ മാതാവ് കൂലിപ്പണിക്ക് പോകുന്ന സമയത്ത് വീട്ടിനുള്ളിൽ വെച്ചും, ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടു പോകുന്നതിനിടെയും പിതാവ് ലൈംഗികപീഡനം നടത്തിയതായും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും വിചാരണക്കിടയിൽ കുട്ടി കോടതിയിൽ മൊഴി നൽകി. ആദ്യം ഹാജരായിരുന്ന അഭിഭാഷകനെ പ്രതി മാറ്റി. തുടർന്ന് മറ്റൊരു അഭിഭാഷകനെ നിയോഗിച്ച് കുട്ടിയെ വീണ്ടും വിസ്തരിച്ചുവെങ്കിലും. രണ്ടു തവണയും കുട്ടി ഒരേ മൊഴി തന്നെയാണ് നൽകിയത്. പ്രൊസിക്യൂഷനായി പബ്ലിക്ക് പ്രോസിക്യൂട്ടർ കെ.ബി. സുനിൽകുമാർ, അഡ്വ. പി.കെ. മുജീബ് എന്നിവർ ഹാജരായി.....