മാള: തൊഴിലുറപ്പ് തൊഴിലാളികളെ സമരത്തിനായി യാത്രഅയച്ച ടി.എം. ബാബു മരണത്തിലേക്ക് യാത്ര തിരിച്ചു. എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ പങ്കെടുക്കുന്നവരെ യാത്രഅയച്ചാണ് സി.പി.ഐ കൊടുങ്ങല്ലൂർ മണ്ഡലം സെക്രട്ടറിയായ ടി.എം. ബാബു ഇന്നലെ രാത്രി 9.10 ന് മാളയിൽ നിന്ന് തിരിച്ചുപോയത്.
മക്കളില്ലെന്ന വിഷമം മാത്രമേ ബാബുവിന് ഉണ്ടായിരുന്നുള്ളൂവെന്നാണ് അടുത്തറിയുന്ന സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും അറിയൂ. മാളയിൽ നിന്ന് ചാലക്കുടിയിലേക്ക് പോകുന്നുവെന്ന് ബാബു പറഞ്ഞതായും ചില നേതാക്കൾ പറഞ്ഞു. എന്നാൽ രാത്രി കൊടുങ്ങല്ലൂരിലേക്ക് എങ്ങനെ എത്തിയെന്ന് വ്യക്തമല്ല. രാത്രി വൈകിയും വീട്ടിൽ എത്താതിരുന്നതിനാൽ സഹോദരൻ രഘുവാണ് പൊലീസിൽ വിവരം അറിയിച്ചത്. സംസ്കാരം ഇന്ന് രാവിലെ 9 ന് സ്വവസതിയിൽ നടക്കും.
സൗമ്യനായ പോരാളി
മാള: മാളയിലെ രാഷ്ട്രീയ നേതാക്കളിൽ സൗമ്യനായ പോരാളിയായാണ് ടി.എം. ബാബു അറിയപ്പെട്ടിരുന്നത്. ഏതൊരു സമരത്തിനും മുന്നിൽ നിന്ന് നയിച്ചിരുന്ന കറകളഞ്ഞ കമ്മ്യൂണിസ്റ്റായിരുന്നു. പാർട്ടിക്കുള്ളിൽ മാത്രമല്ല മുന്നണിയിലും എതിർ പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും വരെ പ്രിയപ്പെട്ട നേതാവായിരുന്നു. ആരോടും ദേഷ്യം പ്രകടിപ്പിക്കാത്ത പരിഭവങ്ങളും പ്രയാസങ്ങളും ഉള്ളിലൊതുക്കി പ്രസരിപ്പ് പുറമെ കാണിക്കുന്ന പ്രകൃതക്കാരനായിരുന്നു. പ്രധാനമായും സൈക്കിളിൽ സഞ്ചരിച്ചായിരുന്നു മാള മേഖലയിൽ പാർട്ടി പ്രവർത്തനം നടത്തിയിരുന്നത്.
കൊടുങ്ങല്ലൂർ മണ്ഡലത്തിൽ സി.പി.ഐ.യും എൽ.ഡി.എഫും സംഘടിപ്പിച്ച നിരവധി പോരാട്ടങ്ങൾക്ക് നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്. തുടർച്ചയായി രണ്ടാം തവണയാണ് സി.പി.ഐ കൊടുങ്ങല്ലൂർ നിയോജക മണ്ഡലം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. സി.പി.ഐ ജില്ലാ കൗൺസിൽ അംഗമായിരുന്നു. അഷ്ടമിച്ചിറ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ബി.കെ.എം.യു മണ്ഡലം പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. എ.ഐ.ടി.യു.സി.സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായ കെ.പി. രാജേന്ദ്രൻ,സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, വി.ആർ. സുനിൽകുമാർ എം.എൽ.എ., എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ, മുൻ എം.എൽ.എ. യു.എസ്. ശശി, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ. ഡേവിസ്, കിസാൻ സഭ ജില്ലാ പ്രസിഡന്റ് കെ.വി. വസന്ത്‌കുമാർ, മാള ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഡി. ജോസ്, വിവിധ പാർട്ടി നേതാക്കൾ, പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവ ഒട്ടേറെ പേരാണ് ടി.എം. ബാബുവിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്.....