ഇരിങ്ങാലക്കുട : യുവതിയെ ബൈക്കിന്റെ പിറകിൽ നിന്നും തട്ടിയിട്ട് കൊലപ്പെടുത്തിയ കേസിൽ പടിഞ്ഞാറെ വെമ്പല്ലൂർ പണിക്കശ്ശേരി നാരായണൻ മകൻ ജ്യോതിരാജന് (33) ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.. ഭർത്തൃമതിയും രണ്ടു കുട്ടികളുടെ മാതാവുമായ കൊടുങ്ങല്ലൂർ പുല്ലൂറ്റ് താഴത്തുവീട്ടിൽ ചന്ദ്രികയുടെ മകൾ കൃഷ്ണവേണിയെ (35) കൊലപ്പെടുത്തിയ കേസിലാണ് ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി ജി. ഗോപകുമാർ പ്രതിയെ ശിക്ഷിച്ചത്. 2015 ഫെബ്രുവരി അഞ്ചിനായിരുന്നു സംഭവം.
കൊല്ലപ്പെട്ട കൃഷ്ണവേണിയെ ജോലി ചെയ്തിരുന്ന തൃപ്രയാർ ലാമിയ സിൽക്‌സ് എന്ന സ്ഥാപനത്തിൽ നിന്നും വൈകീട്ട് ഏഴോടെ മോട്ടോർ സൈക്കിളിൽ കയറ്റിക്കൊണ്ടുപോകുകയും ദേശീയപാത 17 ൽ എസ്.എൻ. പുരം 25ാം കല്ല് എന്ന സ്ഥലത്തെത്തിപ്പോൾ കൃഷ്ണവേണിയുടെ കാലിൽ പിടിച്ചുപൊക്കി ബൈക്കിൽ നിന്നും തട്ടിയിടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൃഷ്ണവേണി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചു.

സംഭവത്തിന് ശേഷം മത്സ്യബന്ധനത്തിനായി കടലിലേക്ക് പോകവേ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ പൊലീസ് സബ് ഇൻസ്പക്ടറായിരുന്ന ജഗൽ ചന്ദ്ര മോഹൻ രജിസ്റ്റർ ചെയ്ത കേസ് കൊടുങ്ങല്ലൂർ സി.ഐ ആയിരുന്ന കെ.ജെ പീറ്റർ, സബ് ഇൻസ്പക്ടറായിരുന്ന എം.കെ. രമേഷ് എന്നിവരാണ് അന്വേഷിച്ചത്. മരണപ്പെട്ട കൃഷ്ണവേണിയുടെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ആവശ്യമായ സംരക്ഷണം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിക്ക് കോടതി നിർദ്ദേശം നൽകി. കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 24 സാക്ഷികളെ വിസ്തരിക്കുകയും 35 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രൊസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ജെ. ജോബി, അഭിഭാഷകരായ ജിഷ ജോബി, എബിൻ ഗോപുരൻ, ദിനൽ വി.എസ്. എന്നിവർ ഹാജരായി..