തൃശൂർ: ആശുപത്രിയിലെത്തിക്കാൻ വൈകിയതാണ് മരണത്തിനിടയാക്കിയതെന്ന് സൈമൺ ബ്രിട്ടോയെ പരിശോധിച്ച തൃശൂർ ദയ ആശുപത്രിയിലെ ഡോ. അബ്ദുൾ അസീസ് പറഞ്ഞു. കുറച്ചുകൂടി നേരത്തേ എത്തിച്ചിരുന്നെങ്കിൽ ഒരു പക്ഷേ, രക്ഷിക്കാമായിരുന്നു.
ബ്രിട്ടോയെ എത്തിച്ചപ്പോൾ പൾസും ബി.പിയും ഹൃദയമിടിപ്പും ഉണ്ടായിരുന്നില്ല. അലോപ്പതി ചികിത്സയോട് പൊതുവെ ബ്രിട്ടോയ്ക്ക് താത്പര്യമുണ്ടായിരുന്നില്ല. ശാരീരിക അസ്വാസ്ഥ്യം ഉണ്ടായപ്പോൾ പെട്ടെന്ന് ആശുപത്രിയിലേക്ക് വരാൻ അദ്ദേഹം തയ്യാറായില്ല എന്നാണ് കൂടെ വന്നവരിൽ നിന്ന് അറിയാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ തൃശൂർ ഗസ്റ്റ് ഹൗസിലായിരുന്ന സൈമൺ ബ്രിട്ടോയെ കഴിഞ്ഞ 31 നാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ആശുപത്രിയിലെത്തിച്ചത്. മരണത്തിൽ ദുരൂഹതയില്ലെന്നും പോസ്റ്റുമോർട്ടം വേണ്ടെന്നും കാട്ടി, ബ്രിട്ടോയെ ആശുപത്രിയിലെത്തിച്ചവർ നൽകിയ സാക്ഷ്യപത്രം ആശുപത്രി അധികൃതർ സൂക്ഷിച്ചിട്ടുണ്ട്.