തൃശൂർ: കോർപറേഷൻ ബിൽഡിംഗ് നിയമവിരുദ്ധമായി സ്വകാര്യ വ്യക്തിക്ക് കൈമാറിയ നടപടിക്കെതിരെ പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ സമരം ചെയ്യുകയും അധികാരത്തിൽ വന്നപ്പോൾ സംരക്ഷണം നൽകുകയും ചെയ്യുന്നത് എൽ.ഡി.എഫ് ഭരണസമിതിക്ക് യോജിച്ചതല്ലെന്ന് കേരള സ്ട്രീറ്റ് വെൻഡേഴ്‌സ് കൗൺസിൽ ഭാരവാഹികൾ.
ടി.ഡബ്‌ള്യൂ.സി.സി.എസ് മൊത്ത വ്യാപാര സഹകരണ സംഘത്തിന്റെ കടകൾ കോർപറേഷൻ ചട്ടങ്ങൾ മറികടന്നുകൊണ്ട് സ്വകാര്യവ്യക്തിക്ക് കൈമാറിയത് നേരത്തെ വിവാദമായിരുന്നു. ഇക്കാര്യങ്ങൾ വിവരാവകാശ നിയമപ്രകാരം തിരക്കിയെന്നതിന്റെ പേരിൽ വഴിയോര കച്ചവടക്കാരനായ തന്നെ മുറിയുടെ ഉടമസ്ഥനും കോർപറേഷൻ ഭരണാധികാരികളും ഉപദ്രവിക്കുകയാണെന്ന് പി.എസ്. നമ്പീശൻ പരാതിപ്പെട്ടു. പ്രതിപക്ഷത്തിരിക്കുമ്പോൾ എൽ.ഡി.എഫ്. രാജൻ പല്ലനെതിരായി ഈ കേസ് ഉപയോഗിച്ചിരുന്നു.
കടമുറി കൈമാറ്റവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് കോർപറേഷൻ ഇതുവരെ നടപ്പിലാക്കിയിട്ടില്ല. ഇതിന് ദുർബല വാദങ്ങളാണ് കോർപറേഷൻ നിരത്തുന്നതെന്നും പി.എസ്. നമ്പീശൻ ആരോപിച്ചു. സുജോബി ജോസും പത്രസമ്മേളനത്തിൽ പങ്കെടുത്തു.