കൊടകര : മറ്റത്തൂർ കുന്ന് പടിഞ്ഞാട്ടുമുറിയിൽ ശ്രീകലയെന്ന സ്ത്രീയെ സ്വർണ്ണാഭരണം മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി റിപ്പർ ജയാനന്ദനെ മൂന്ന് വർഷം കഠിനതടവിനും, 50,000 രൂപ പിഴയടക്കുന്നതിനും തൃശൂർ അഡീഷണൽ ജില്ലാ ജഡ്ജി കെ.ടി. നിസാർ അഹമ്മദ് ശിക്ഷ വിധിച്ചു. പിഴയടക്കാത്ത പക്ഷം ആറ് മാസം അധികം കഠിനതടവ് അനുഭവിക്കണം. 2006 ആഗസ്റ്റ് 28ന് പുലർച്ചെ 5.45നായിരുന്നു സംഭവം. വീടിന് പുറത്തുള്ള കുളിമുറിയിലേക്ക് പോകുമ്പോൾ ശ്രീകലയെ തലയിൽ കമ്പിപ്പാരകൊണ്ട് അടിച്ചു വീഴ്ത്തുകയും കൈയിൽ കിടന്നിരുന്ന സ്വർണ്ണവളകൾ കത്രിക ഉപയോഗിച്ച് മുറിച്ചെടുക്കാൻ ശ്രമിക്കുകയുമായിരുന്നു പ്രതി ചെയ്തത്. കരച്ചിൽ കേട്ട് വീട്ടുകാർ ഓടി വന്നപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടു. പുത്തൻവേലിക്കര പൊലീസ് സ്റ്റേഷനിലെ മറ്റൊരു കേസിൽ പിടിയിലായ ജയാനന്ദൻ ചോദ്യം ചെയ്യലിനിടയിലാണ് സംഭവം തെളിഞ്ഞത്. കൊടകര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സബ് ഇൻസ്‌പെക്ടറായ വിപിൻദാസാണ് കേസന്വേഷണം നടത്തിയത്. മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് ഇയാൾ ഇപ്പോൾ ജയിൽശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. പ്രോസിക്യൂഷനായി പബ്ലിക് പ്രോസിക്യൂട്ടർ പി. സുനിൽ, അഡ്വ. റൺസിൻ, അഡ്വ. അമീർ എന്നിവർ ഹാജരായി.....