കുന്നംകുളം: നിരവധി ഊരാക്കുടുക്കുകളിൽ പെട്ട കുന്നംകുളം ബസ് സ്റ്റാൻഡ് നിർമ്മാണ പ്രവൃത്തികൾക്ക് ശാപമോക്ഷം. വ്യാഴാഴ്ച നഗരസഭയും നിർമ്മാണ കമ്പനിയും ചേർന്ന് നിർമ്മാണ കരാർ അംഗീകരിച്ചതോടെ ബസ് സ്റ്റാൻഡ് യാഥാർത്ഥ്യമാകുമെന്ന് ഉറപ്പായി. കുന്നംകുളത്ത് കഴിഞ്ഞ 15 കൊല്ലമായി പൊതു ചർച്ചകളിലും നിരവധി തിരഞ്ഞെടുപ്പുകളിലും ഉയർന്നുകേട്ട കാര്യമാണ് ബസ് സ്റ്റാൻഡ് നിർമാണം.
നേരത്തെ നഗരസഭ നേരിട്ട് പണിയാൻ തീരുമാനിക്കുകയും പിന്നീട് റദ്ദാക്കി ബി.ഒ.ടി കരാർ വ്യവസ്ഥയിൽ നൽകാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ബി.ഒ.ടി പദ്ധതിപ്രകാരം നിർമ്മാണം നടത്താൻ തീരുമാനിച്ചെങ്കിലും അന്നത്തെ ഭരണ സമിതി തുടർ പ്രവർത്തനങ്ങൾ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഇതോടെ ബസ് സ്റ്റാൻഡ് നടപടികൾ വീണ്ടും സ്തംഭനാവസ്ഥയിലായി. കഴിഞ്ഞ നഗരസഭാ ഭരണസമിതി ബസ് സ്റ്റാൻഡ് കവാടകെട്ടിടം നിർമ്മിച്ചെങ്കിലും ഇതും പാതിവഴിയിൽ നിലച്ചു.
തുടർന്നാണ് ഇപ്പോഴത്തെ ഭരണസമിതി ഉറച്ച നിലപാട് സ്വീകരിച്ച് രംഗത്തിറങ്ങിയത്. ചെയർപേഴ്‌സൺ സീത രവീന്ദ്രന്റെ നേതൃത്വത്തിലുള്ള നഗരസഭാ ഭരണസമിതിക്ക് സ്ഥലം എം.എൽ.എയും മന്ത്രിയും ആയ എ.സി. മൊയ്തീന്റെ പിന്തുണ കൂടി ലഭിച്ചതോടെ ബസ് സ്റ്റാൻഡ് കുരുങ്ങിയ ചുവപ്പുനാടകൾ അഴിഞ്ഞ് തടസം മാറി. കോടതി വ്യവഹാരങ്ങള്ളും മാറിക്കിട്ടി. ഇതിനുശേഷം നഗരസഭ ബി.ഒ.ടി പദ്ധതി ഉപേക്ഷിച്ച് നേരിട്ട് നിർമ്മാണം ഏറ്റെടുക്കാൻ തയ്യാറാകുകയും പുതിയ എസ്റ്റിമേറ്റ് ബസ് സ്റ്റാൻഡിനായി തയ്യാറാക്കുകയും ആയിരുന്നു.
പിന്നീട് എല്ലാ നടപടിക്രമങ്ങളും മന്ത്രി എ.സി. മൊയ്തീന്റെ പൂർണ പിന്തുണയോടെ വേഗത്തിലായി. നിർമ്മാണത്തിന് ഡിസൈൻ, സ്ട്രക്ചറൽ ഡിസൈൻ, എസ്റ്റിമേറ്റ് എന്നിവ തൃശൂർ ഗവ. എൻജിനിയറിംഗ് കോളേജ് ആർക്കിടെക്ചർ വിഭാഗം തയ്യാറാക്കി നൽകി. കുന്നംകുളം നഗരസഭയുടെ ഉടമസ്ഥതയിലുള്ള 4.33 ഏക്കർ സ്ഥലത്ത് ആധുനികരീതിയിലുള്ള ബസ് ടെർമിനലും ഷോപ്പിംഗ് കോംപ്ലക്‌സും ആണ് വിഭാവനം ചെയ്തത്. രണ്ട് ഘട്ടങ്ങളിലായാണ് നിർമാണം പൂർത്തീകരിക്കാനും ലക്ഷ്യമിട്ടത്.
മന്ത്രി എ.സി. മൊയ്തീന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും ലഭിച്ച 4.35 കോടി രൂപയ്ക്ക് ഷോപ്പിംഗ് കോംപ്ലക്‌സ് ഒന്നാംഘട്ടമായി. കുന്നംകുളം നഗരസഭ കണ്ടെത്തിയ 8.50 കോടി രൂപയ്ക്ക് ബസ് ടെർമിനൽ രണ്ടാംഘട്ടമാണ് നിർമ്മാണം പൂർത്തീകരിക്കാൻ തീരുമാനിച്ചിട്ടുള്ളത്. രണ്ടാംഘട്ട നിർമാണത്തിന് ആവശ്യമായ 8.50 കോടി രൂപ ലഭ്യമാക്കുന്നത് കുന്നംകുളം അർബൻ കോ- ഓപറേറ്റീവ് ബാങ്ക് ആണ്. വടകരയിലെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമ്മാണച്ചുമതല വഹിക്കുന്നത്. ഒന്നാം ഘട്ടത്തിൽ നാലു നിലകളിലായി നിർമ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്‌സിന് മൊത്തം വിസ്തീർണ്ണം 2800 സ്‌ക്വയർ മീറ്ററാണ്.
ബസ് സ്റ്റാൻഡ് നിർമ്മാണം ഇങ്ങനെ
ഗ്ലാസും അലുമിനിയം കോമ്പോസിറ്റ് പാനലുകൾ നടത്തി കെട്ടിടം ആധുനികരീതിയിൽ മനോഹരമാക്കും
ടോയ്‌ലെറ്റുകൾ, പാർക്കിംഗ്, സ്റ്റെയർകേസുകൾ, അഗ്‌നിശമന സംവിധാനങ്ങൾ, ലിഫ്‌റ്റ് എന്നീ സൗകര്യമൊരുക്കും
നഗരസഭയ്ക്ക് പരമാവധി വരുമാനം ലഭ്യമാകുന്ന രീതിയിലാണ് പുതിയ ബസ് സ്റ്റാൻഡ് കെട്ടിടം വിഭാവനം ചെയ്തിട്ടുള്ളത്
ഊരാളുങ്കൽ സൊസൈറ്റി നിർമാണം തുടങ്ങാൻ പോകുന്നത് കൃത്യമായുള്ള പ്രവൃത്തി കലണ്ടറുകളുടെ അടിസ്ഥാനത്തിൽ
അടുത്തയാഴ്ച പൈലിംഗ് തുടങ്ങും, കൂടുതൽ തൊഴിലാളികളെ ഉൾപ്പെടുത്തി ബസ് സ്റ്റാൻഡ് നിർമാണം വേഗത്തിലാക്കും