കൊടുങ്ങല്ലൂർ: കടൽത്തീരത്ത് നിന്നും 50 മീറ്റർ ദൂരത്തിലുള്ള മുഴുവനാളുകളെയും മാറ്റിപ്പാർപ്പിക്കാനുള്ള പാക്കേജ് പ്രഖ്യാപിച്ചതിലൂടെ തീരദേശ നിയോജകമണ്ഡലമായ കയ്പ്പമംഗലത്തെ അഞ്ഞൂറോളം കുടുംബങ്ങൾക്ക് സഹായം ലഭിക്കുമെന്ന് ഇ.ടി.ടൈസൻ മാസ്റ്റർ എം.എൽ.എ പറഞ്ഞു. തീരദേശത്തെ വികസന പ്രവർത്തനങ്ങളിലേക്കായി 1000 കോടിയാണ് ചെലവഴിക്കാൻ പോകുന്നത്. കേരളത്തിലെ ഏറ്റവും നീളം കൂടിയ തീരദേശ നിയോജക മണ്ഡലങ്ങളിൽ ഒന്നാണ് കയ്പമംഗലം. മുമ്പ് മത്സ്യത്തൊഴിലാളികളെ മാറ്റി പാർപ്പിക്കുന്നതിനായുള്ള 10 ലക്ഷം രൂപ സ്കീം പ്രഖ്യാപിച്ച് സർക്കാർ നടത്തിവരികയായിരുന്നു.

ഓരോ വീട്ടുകാർക്കും സ്ഥലം വാങ്ങി വീടു നിർമ്മിക്കുന്നതിന് 10 ലക്ഷം രൂപയാണ് സർക്കാർ നൽകുന്നത്. കടലാക്രമണം തടയുന്നതിനായി കടൽ ഭിത്തി പണിയുന്നതിന് ഈ വർഷം 227 കോടിയാണ് അനുവദിച്ചത്. ഇതിൽ കയ്പ്പമംഗലം മണ്ഡലത്തിലെ നിരവധി ഭാഗങ്ങളിൽ കടൽഭിത്തി നിർമ്മാണം ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ തീരദേശത്തെ താലൂക്ക് ആശുപത്രികൾ മികച്ച താലൂക്ക് ആശുപത്രിയായി മാറ്റുന്നതിന് 900 കോടിയാണ് വകയിരുത്തിയത്. ഇതിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയുമുണ്ട്. മൂന്നുപീടിക -പോട്ട റോഡ്, മതിലകം- വെള്ളാങ്കല്ലൂർ റോഡ്, അരാകുളം- അഴീക്കോട് റോഡ് തുടങ്ങിയ കയ്പ്പമംഗലം നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകൾ ബി.എം ആൻഡ് ബി.സി രീതിയിൽ ടാർ ചെയ്യുന്നതിനുള്ള പണം വകയിരുത്തിയതോടെ നിയോജക മണ്ഡലത്തിലെ മുഴുവൻ പൊതുമരാമത്ത് പാതകളും ബി.എം ആൻഡ് ബി.സി നിലവാരത്തിലേക്ക് വരികയാണ്. പുതുതായി നിർമ്മിക്കുന്ന തീരദേശപാത 22 കിലോമീറ്റർ കടന്നുപോകുന്നത് ഈ മണ്ഡലത്തിലൂടെയാണ്. ഇതിനു മാത്രമായി 1 . 87 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ മാതൃകയായ വലിയതോട്-പെരുംതോട് പദ്ധതിക്ക് പ്രത്യേകമായി 30 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും പലിശരഹിത വായ്പ നൽകുന്നതിന് മത്സ്യഫെഡ് വഴി പണം ലഭ്യമാകുമെന്നും എം.എൽ.എ പത്രക്കുറിപ്പിൽ വ്യക്തമാക്കി....