വെള്ളാങ്കല്ലൂർ:കോണത്തുകുന്ന് ജനതാ കോർണറിൽ കവർച്ച ലക്ഷ്യമിട്ട് നടത്തിയ വീടാക്രമണവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂർ സ്വദേശികളായ രണ്ട് ക്രിമിനലുകൾ അറസ്റ്റിലായി. കുപ്രസിദ്ധ ഗുണ്ടാ സംഘത്തിലെ പ്രധാനികളായ "അടിമ രഞ്ചിത്ത് '' എന്നറിയപ്പെടുന്ന എസ്.എൻ. പുരം മനപ്പിള്ളി വീട്ടിൽ രതീഷ് (26 ), എറിയാട് സ്വദേശി കൈമപറമ്പിൽ ശരത്ചന്ദ്രൻ (25) എന്നിവരെയാണ് ഇരിങ്ങാലക്കുട സി.ഐ, എം.കെ.സുരേഷ് കുമാർ, എസ്.ഐ, സി.വി. ബിബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
2018 ഒക്ടോ.13ന് രാത്രിയിൽ കോണത്തുകുന്ന് ജനത കോർണറിൽ ഉള്ള കോടുമാടത്തിൽ രശ്മി ടോംജിത്ത് എന്ന സ്ത്രീയുടെ വീട്ടിലാണിവർ അതിക്രമം നടത്തിയത്. വീടിനകത്തേക്ക് അതിക്രമിച്ച് കയറിയ പ്രതികൾ പണവും സ്വർണ്ണവും ആവശ്യപ്പെടുകയായിരുന്നു. ഒന്നും ലഭിക്കാത്തതിൽ പ്രകോപിതരായ ഇവർ രശ്മിയെ ആക്രമിക്കുകയും ജനലുകളും വാതിലുകളും ഇലക്ട്രോണിക് ഉപകരണങ്ങളും തകർക്കുകയും പരാതി നൽകിയാൽ പരാതിക്കാരിയെയും ഭർത്താവിനെയും ബോംബെറിഞ്ഞ് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഒളിവിൽ പോയ പ്രതികളെ അഴീക്കോടുള്ള ഒളി സങ്കേതത്തിൽ നിന്നാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
കേസിലെ ഒന്നാം പ്രതി രതീഷ് ജില്ലയിലെ വിവിധ കുപ്രസിദ്ധ ഗുണ്ടാസംഘങ്ങളിൽ അംഗമാണെന്നും ഇയാൾക്കെതിരെ വാഹനമോഷണവും മയക്കുമരുന്ന് വിതരണവുമടക്കം നിരവധി ക്രിമിനൽ കേസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വർഗ്ഗീസിന്റെ നേതൃത്വത്തിൽ ഉള്ള ഗുണ്ടാവിരുദ്ധ സ്ക്വാഡ് അംഗങ്ങളായ സീനിയർ സി.പി.ഒ. മുരുകേഷ് കടവത്ത്, സി.പി.ഒമാരായ മനോജ് എ.കെ, അനൂപ് ലാലൻ, വൈശാഖ് എം.എസ്, സൈമൺ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.