സുപ്രീംകോടതി ചീഫ് ജസ്റ്റിസായി റിട്ടയർ ചെയ്ത ജസ്റ്റിസ് പി. സദാശിവം കേരള ഗവർണറായി ചാർജെടുത്തപ്പോൾ അദ്ദേഹത്തിന്റെ സവിശേഷശ്രദ്ധ പതിഞ്ഞത് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലാണ്. കേരളത്തിലെ സംസ്ഥാന സർവകലാശാലകളുടെയും ചാൻസലർ എന്ന നിലയിൽ ഉന്നത വിദ്യാഭ്യാസ മേഖലയുടെ പുരോഗതി ഗവർണറുടെ പ്രധാന ലക്ഷ്യം ആകേണ്ടത് സ്വാഭാവികമാണ്.
ഈ ലക്ഷ്യം നേടുന്നതിനായി മികവ് തെളിയിക്കുന്ന സർവകലാശാലയ്ക്ക് ചാൻസലേഴ്സ് അവാർഡായി ഓരോ വർഷവും അഞ്ചുകോടി രൂപ നൽകുമെന്നും പ്രഖ്യാപനമുണ്ടായി. സ്പഷ്ടവും സുതാര്യവുമായ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി ചാൻസലർ നിർദ്ദേശിക്കുന്ന വിദഗ്ദ്ധ സമിതിയാണ് അവാർഡിന് അർഹമായ സർവകലാശാലയെ ഓരോ വർഷവും തിരഞ്ഞെടുക്കുന്നത്.
പഠനം, ഗവേഷണം, പ്രസിദ്ധീകരണം തുടങ്ങിയ രംഗങ്ങളിൽ കൈവരിച്ച നേട്ടങ്ങളെ മുൻനിറുത്തിയാണ് ഏറ്റവും മികവ് പുലർത്തിയ സർവകലാശാലയ്ക്ക് അവാർഡ് ലഭിക്കുക. സർവകലാശാല വകുപ്പുകളിലെ അദ്ധ്യാപകരും ഗവേഷകരും പ്രകടിപ്പിക്കുന്ന ജാഗ്രതയാണ്, ചുരുക്കത്തിൽ മികവിന് വഴി ഒരുക്കുന്നത്. പ്രവർത്തന മികവിനെ മുൻനിറുത്തി സംസ്ഥാനത്തെ മറ്റ് സർവകലാശാലകളെ ബഹുദൂരം പിന്തള്ളി നാലുവർഷം മുമ്പ് ഏർപ്പെടുത്തിയ പ്രഥമ ചാൻസലേഴ്സ് അവാർഡ് കേരള സർവകലാശാല കരസ്ഥമാക്കി. തുടർന്നുള്ള വർഷങ്ങളിൽ എം.ജി സർവകലാശാലയും, കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയുമാണ് ചാൻസലേഴ്സ് അവാർഡ് നേടിയത്. ഇതിൽ, ഈ വർഷം രണ്ടാമത് തവണ ചാൻസലേഴ്സ് അവാർഡ് നേടിയ എം.ജി. സർവകലാശാല പ്രവർത്തന മികവിൽ മറ്റുള്ള സർവകലാശാലകളെ പിന്നിലാക്കിയിരിക്കുന്നു.
ഇതിവിടെ കുറിച്ചത് ഇത്തവണത്തെ അവാർഡ് നിർണയ കമ്മിറ്റി ചെയർമാനും ലോക പ്രശസ്ത ശാസ്ത്രജ്ഞനുമായ പ്രൊഫസർ സി. എൻ. ആർ. റാവു സംസ്ഥാനത്തെ സർവകലാശാലകളുടെ പ്രവർത്തന വൈഭവത്തെ അപഗ്രഥിച്ചതിനുശേഷം നടത്തിയ അഭിപ്രായ പ്രകടനം ബന്ധപ്പെട്ടവർ ഗൗരവത്തോടെ കാണണം എന്ന് സൂചിപ്പിക്കാനാണ്. സംസ്ഥാനത്തിന് വെളിയിൽ അത്യുത്കൃഷ്ടമായ കാര്യക്ഷമതയും നൈപുണ്യ മികവും പ്രകടിപ്പിക്കുന്ന മലയാളികളായ അദ്ധ്യാപകരും ഗവേഷകരും കേരളത്തിനുള്ളിൽ അത് പ്രകടിപ്പിക്കുന്നതിൽ എന്തുകൊണ്ടാണ് പരാജയപ്പെടുന്നത്. പ്രൊഫ. റാവു തുടരുന്നു : 'ഉയർന്ന സാക്ഷരതയും, തീവ്രമായ സാമൂഹിക അവബോധവും, അസാധാരണമായ തോതിൽ ബൗദ്ധിക നേട്ടങ്ങളുടെ ശ്രേഷ്ഠമായ പാരമ്പര്യവും ഉള്ള മലയാളികളുടെ വിഷമ സ്ഥിതി എന്നെ അതിശയിപ്പിക്കുന്നു; ഇതെനിക്ക് വിശ്വസിക്കാനാവുന്നില്ല." മൂന്നുവർഷം മുമ്പ് അവാർഡ് തുകയായ അഞ്ചുകോടി രൂപ ലഭിച്ച കേരള സർവകലാശാലയ്ക്ക് ഫലപ്രദമായി അത് വിനിയോഗിക്കാൻ കഴിയാതെ സ്ഥിരം നിക്ഷേപമായി ബാങ്കിൽ സൂക്ഷിച്ചിരിക്കുന്നതിനെ നിശിതമായി അവാർഡ് നിർണയ സമിതി വിമർശിച്ചു എന്നാണ് പത്രറിപ്പോർട്ടുകളിൽ കാണുന്നത്.
കാര്യപ്രാപ്തിയുള്ള അദ്ധ്യാപകരും ഗവേഷകരും ഒപ്പം, വിശിഷ്ടമായ അടിസ്ഥാന സൗകര്യങ്ങളും സംസ്ഥാനത്തെ സർവകലാശാലകളിൽ ഉണ്ട്. പിന്നെ എന്തുകൊണ്ടാണ് രാജ്യത്തെ ഏറ്റവും ഉന്നത പദവിയായ 'ഭാരതരത്നം" നൽകി ആദരിച്ച പ്രൊഫ. റാവുവിനെപ്പോലെ ഉള്ള ഒരു ശാസ്ത്രജ്ഞൻ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ കഷ്ടസ്ഥിതിയെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഇതിൽ മറ്റുള്ളവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. നാം തന്നെ കുറ്റം ഏറ്റെടുക്കണം.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ അഫിലിയേറ്റഡ് കോളേജുകൾ പഠനത്തിലും, സർവകലാശാലാ വകുപ്പുകൾ ഗവേഷണത്തിലും ഊന്നൽ നൽകണമെന്ന ആഗോള തലത്തിലെ പൊതുസങ്കല്പവും പ്രയോഗവും ആണ് ഇവിടെയും അനുവർത്തിച്ചു വന്നിരുന്നത്. എന്നാൽ, പരക്കെ അംഗീകരിച്ച് ഈ സമ്പ്രദായത്തിന് ദിശാബോധം നഷ്ടപ്പെട്ടിരിക്കുന്നു. സർവകലാശാലകളിലെ ഭരണസമിതികളിൽ തിരഞ്ഞെടുപ്പിലൂടെയും, സർക്കാർ നോമിനേഷനുകളിലൂടെയും നിയോഗിക്കപ്പെടുന്നവർക്ക് ഉന്നത വിദ്യാഭ്യാസ മേഖലയുടെ പുരോഗതിയെക്കുറിച്ച് അവബോധവും ജാഗ്രതയും ഉണ്ടോ എന്ന് ഗൗരവമായി ചിന്തിക്കേണ്ട സമയമാണിത്. അക്കാഡമിക ഗുണനിലവാരവും മേന്മയും ഉയർത്തുന്നതിന് ചുമതലയുള്ള ബോർഡ് ഒഫ് സ്റ്റഡീസ് അംഗങ്ങളും, ഫാക്കൽട്ടിമാരും നോക്കുകുത്തികളാകുന്ന ദുരവസ്ഥ ഒഴിവാക്കിയേ മതിയാകൂ. രാഷ്ട്രീയ ലക്ഷ്യങ്ങളുടെ മറവിൽ അധികാര സ്ഥാനങ്ങളിൽ എത്തുന്നവരുടെ വ്യക്തിതാത്പര്യവും, സങ്കുചിത ചിന്തകളും ഉന്നത വിദ്യാഭ്യാസ മേഖലയെ തളർത്തുന്നതിൽ ഗണ്യമായി പങ്കുവഹിക്കുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ അടിയന്തര ശ്രദ്ധ പതിയേണ്ടതുണ്ട്, ഉന്നത വിദ്യാഭ്യാസ മേഖലയിൽ.
അക്കാഡമിക ഗുണനിലവാരം ഉയർത്തുന്നതിനും, ഗവേഷണ - പ്രസിദ്ധീകരണ രംഗങ്ങളിലെ നേട്ടങ്ങൾ കൃത്യവും, സൂക്ഷ്മവുമായി ശേഖരിക്കുകയും, ക്രോഡീകരിക്കുകയും ആധികാരികമായ രേഖകൾക്ക് ശ്രദ്ധ നൽകുകയും ചെയ്യുന്നതിന് ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ ഓരോ ഉന്നത വിദ്യാഭ്യാസ കേന്ദ്രത്തിനും ഉണ്ടാകണമെന്ന് യു.ജി.സി അനുശാസിക്കുന്നുണ്ട്. കേരള സർവകലാശാലയിൽ പ്രൊഫസർ അച്യുത് ശങ്കറിന്റെ നേതൃത്വത്തിൽ ഏവർക്കും അനുകരണീയമായ പ്രവർത്തനം ഈ ക്രമീകരണത്തിലൂടെ നടന്നിരുന്നു. അതിന്റെ ഫലമായി ചാൻസലേഴ്സ് അവാർഡ്, ദേശീയ റാങ്കിംഗ്, ലോക റാങ്കിംഗ് എന്നിവയിൽ കേരള സർവകലാശാല മികവ് തെളിയിച്ചിരുന്ന ചരിത്രം ഈ സന്ദർഭത്തിൽ ഓർക്കേണ്ടതുണ്ട്. പഠന ഗവേഷണ പ്രവർത്തനങ്ങളിൽ മികവ് വർദ്ധിപ്പിക്കുന്നതിന് എന്തൊക്കെ ശ്രമങ്ങൾ നടത്തിയാലും, വർഷങ്ങളായി ഒഴിഞ്ഞുകിടക്കുന്ന അദ്ധ്യാപക തസ്തികകളിൽ സ്ഥിരം നിയമനം നടത്താതെ മുന്നേറാനാകില്ല.
സംസ്ഥാന നിയമസഭ പാസാക്കിയ വ്യവസ്ഥകൾ അനുസരിച്ചാണ് കേരളത്തിലെ സർവകലാശാലകൾ അദ്ധ്യാപക നിയമനം നടത്തേണ്ടത്. സാമൂഹിക നീതി ഉറപ്പ് വരുത്തിയുള്ള ഈ നിയമന വ്യവസ്ഥകൾ അംഗീകരിക്കില്ല എന്ന ചില നിക്ഷിപ്ത താത്പര്യക്കാരുടെ പിടിവാശി കേരള സർവകലാശാലയെ പിന്നോട്ട് കൊണ്ടുപോകുന്നത് ഏതളവിൽ എന്ന് ഇതിനിടയിൽ തിരിച്ചറിയാൻ ബന്ധപ്പെട്ടവർക്ക് കഴിയാതെ പോകുന്നത് കഷ്ടമാണ്.
നമ്മുടെ സമ്പദ് വ്യവസ്ഥയുടെ പുരോഗതിയിൽ നിർണായകമായ പങ്കാണ് മനുഷ്യവിഭവത്തിന് വഹിക്കാനുള്ളതെന്ന് നാം കാണാതെ പോകരുത്. കാര്യശേഷിയും, നൈപുണ്യവും സാമൂഹിക പ്രതിബദ്ധതയും ഉള്ള യുവതലമുറയെ വാർത്തെടുക്കുന്നതിനും നൂതനമായ വിജ്ഞാന ശകലങ്ങൾ സൃഷ്ടിക്കുന്നതിനും സർവകലാശാലകളുടെ പ്രവർത്തനം ക്രമീകരിക്കുന്നതിനും ഡോ. റാവുവിന്റെ വാക്കുകൾ നമുക്ക് പ്രചോദനമായി തീരട്ടെ.