ചിറയിൻകീഴ്: താലൂക്ക് ആശുപത്രിയിൽ 25 ഡയാലിസിസ് രോഗികൾക്കും സൂപ്രണ്ട് നിർദ്ദേശിക്കുന്ന നിർദ്ധനരായ കാൻസർ രോഗികൾക്കും ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി സി. വിഷ്‌ണുഭക്തൻ മാസം തോറും നൽകിവരുന്ന ധനസഹായം ഡെപ്യൂട്ടി സ്‌പീക്കർ വി.ശശി വിതരണം ചെയ്‌തു. 50 കോടി രൂപ ചെലവിൽ ഒരുങ്ങുന്ന ആശുപത്രി വികസന പദ്ധതിയുടെ തറക്കല്ലിടൽ അടുത്ത മാസം നടത്തുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി സി. വിഷ്‌ണുഭക്തൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ്, ചിറയിൻകീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷബ്നം, ശിവദാസ് തുടങ്ങിയവർ പങ്കെടുത്തു. ആശുപത്രി സൂപ്രണ്ട് നിർദ്ദേശിച്ച മുഴുവൻ പേർക്കും ഇപ്രാവശ്യം ധനസഹായ വിതരണം നടത്തിയതായി വിഷ്‌ണുഭക്തൻ അറിയിച്ചു.