പൂവാർ: നിർമ്മാണ മേഖലയിലെ ആധുനിക വത്കരണം ഇഷ്ടിക നിർമ്മാണ മേഖലയെ തളർത്തിയിരിക്കുകയാണ്. ഇഷ്ടികക്കളങ്ങൾ ഇന്ന് എങ്ങും കാണാനേയില്ല. ചൂളകളിൽ നിന്നുമുയരുന്ന പുകയും, മണ്ണ് വേകുന്ന മണവും പുതു തലമുറയ്ക്ക് അറിയുകയുമില്ല. അടുത്ത കാലം വരെ ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിന്റെ കിഴക്കൻ മേഖല ഇഷ്ടിക നിർമ്മണത്തിൽ പേരു കേട്ട ഇടങ്ങളായിരുന്നു. നൂറു കണക്കിന് ചൂളകൾ തലയെടുപ്പോടെ ഉയർന്നു നിന്നിരുന്നിടങ്ങളെല്ലാം തരിശായി മാറിയിരിക്കുന്നു. ഒരു പരമ്പരാഗത തൊഴിലിടം കൂടിയായിരുന്നു ഇഷ്ടികക്കളങ്ങൾ. നിരവധി കുടുംബങ്ങളാണ് ഇഷ്ടിക വ്യവസായത്തെ ആശ്രയിച്ച് ഉപജീവനം കഴിച്ചിരുന്നത്. പ്രത്യേകം പ്രാവീണ്യമുള്ള തൊഴിലാളികളാണ് ഇഷ്ടികക്കളങ്ങളിൽ പണിയെടുക്കുന്നത്. ഇവരുടെ കരവിരുതിനാൽ രൂപപ്പെടുന്ന കല്ലുകൾക്ക് വിപണിയിൽ നല്ല മാർക്കറ്റായിരുന്നു. എന്നാൽ ഇന്ന് തമിഴ്നാട്ടിൽ നിന്നുള്ള കല്ലുകൾക്ക് ആവശ്യക്കാർ കൂടിയതോടെ ഇവിടത്തെ കല്ലുകൾക്ക് ഡിമാൻഡില്ലാതായി തൊഴിൽ നഷ്ടപ്പെട്ടവരിൽ ചിലർ മറ്റ് മേഖലകൾ തേടി പോയി. ചൂളകൾ ഓരോന്നായി തകർച്ചയുടെ വക്കിലാണ്. ശേഷിക്കുന്നവ തിരുപുറം പഞ്ചായത്തിലെ പഴയകടയ്ക്ക് സമീപം കാലുംമുഖം ഭാഗത്ത് കാണാനാകും. അവയും ഇനി ഏറെനാൾ ഉണ്ടാകില്ലെന്നാണ് നടത്തിപ്പുകാർ പറയുന്നത്. ഇക്കഴിഞ്ഞ പ്രളയ സമയത്ത് ലക്ഷങ്ങളുടെ നഷ്ടമാണ് ഇഷ്ടിക കളങ്ങളിലുണ്ടായത്. എന്നാൽ സർക്കാരിന്റെ ഭാഗത്തു നിന്ന് യാതൊരു സഹായവും ഉണ്ടായില്ലെന്ന് ഉടമകൾ പറയുന്നു.
നിയമങ്ങളും തിരിച്ചടിയായി
പുതിയ നിയമം വന്നതോടെ മണ്ണ് കുഴിച്ചെടുക്കുന്നതിന് നിയന്ത്രണങ്ങളുണ്ടായി. ഇതിന്റെ ഫലമായി ഇഷ്ടിക നിർമ്മിക്കാൻ മണ്ണ് കിട്ടാത്ത അവസ്ഥയാണ്. കൂടാതെ സിമെന്റ് കല്ലുകളുടെ കടന്നു വരവും പ്രതിസന്ധി സൃഷ്ടിച്ചു. ഇവ തരണം ചെയ്യാൻ ശ്രമിക്കുമ്പോഴെല്ലാം തമിഴ്നാട് കല്ല് വില കുറച്ച് കാട്ടുന്നതും പ്രതിസന്ധി രൂക്ഷമാക്കിയെന്ന് കാലുംമുഖത്തെ ചൂള നടത്തിപ്പുകാരൻ വിജയൻ പറഞ്ഞു. ദൂരസ്ഥലങ്ങളിൽ നിന്നു മണ്ണ് ലോറിയിൽ കൊണ്ടു വന്നാണ് ഇഷ്ടിക നിർമ്മിച്ചു കൊണ്ടിരുന്നത്. അതിനും നിയന്ത്രണങ്ങളുള്ളതിനാൽ കഴിയാതെയായി. ഏതാനും മാസങ്ങൾ കഴിയുമ്പോൾ അവശേഷിക്കുന്ന നാല് ചൂളകളും പൂട്ടുന്ന സ്ഥിതിയാണുള്ളതെന്ന് തൊഴിലാളികൾ പറഞ്ഞു. മറ്റ് തൊഴിലൊന്നുമറിയാത്ത ഇവർ ഇനി എന്തു ചെയ്യുമെന്ന ആശങ്കയിലാണ്.
ഇവിടത്തെ കല്ലിന് പ്രത്യേകതകളേറെ
ഇവിടെ നിർമ്മിക്കുന്ന കല്ലുകൾക്ക് മൂന്ന് ഇഞ്ച് കനവും നാലര ഇഞ്ച് വീതിയും ഒൻപത് ഇഞ്ച് നീളവുമുണ്ട്. പൂഴിമണൽ ചേരാത്തതിനാൽ ബലവും കൂടുതലാണ്. ഇത്രയും വലിപ്പം തമിഴ്നാട് കല്ലിനില്ല. നിറത്തിനു വേണ്ടി പൂഴിമണൽ ചേർത്താണ് അവർ ഇഷ്ടിക നിർമ്മിക്കുന്നതും. നിർമ്മാണമേഖലയിലെ കോൺട്രാക്ട് വ്യവസ്ഥകൾ ശക്തി പ്രാപിച്ചതോടു കൂടി ഉത്പന്നങ്ങളുടെ ഗുണനിലവാരത്തെക്കാൾ വിലക്കുറവിനാണ് പ്രാധാന്യം കല്പിക്കുന്നതെന്നും അതുകൊണ്ടാണ് ഇഷ്ടിക നിർമ്മാണമേഖല ഇത്രമേൽ പ്രതിസന്ധി നേരിടാൻ കാരണമായതെന്നുമാണ് ചൂള നടത്തിപ്പുകാർ പറയുന്നത്. ഒരു ചൂളയിൽ 15 - 20 വരെ തൊഴിലാളികൾ പണിയെടുക്കുന്നുണ്ട്. പരോക്ഷമായി പിന്നെയും തൊഴിലവസരങ്ങൾ ഇവിടങ്ങളിലുണ്ട്. ഇത്രയും സാദ്ധ്യതകളുള്ള ഒരു തൊഴിൽ മേഖല തകർന്നടിയുന്നത് കാണേണ്ട ഗതികേടിലാണ് നാട്ടുകാർ.
''ഇഷ്ടിക നിർമ്മാണം പ്രതിസന്ധിയിലായതിന്റെ പ്രധാന കാരണം മണ്ണിന്റെ ദൗർലഭ്യമാണ്. സ്വന്തം ഭൂമിയിൽ നിന്നായാലും മണ്ണെടുക്കുന്നതിന് ജിയോളജി വകുപ്പിന്റെ പെർമിഷൻ വേണമെന്നതാണ് സ്ഥിതി. മറ്റു സ്ഥലങ്ങളിൽ നിന്ന് മണ്ണു കൊണ്ട് വരണമെങ്കിൽ കളക്ടറുടെ അനുവാദം വേണം. ഈ നിലയക്ക് സർക്കാരിന് മാത്രമേ ഇവരെ സഹായിക്കാൻ കഴിയുകയുളിളു.
ക്രിസ്തുദാസ് (തിരുപുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് )
ചൂളകളിൽ ഒരു തവണ വേകിച്ചെടുക്കുന്നത് 50,000 - 1,00,000 വരെ ഇഷ്ടികകൾ