tea1

തിരുവനന്തപുരം:ചായക്കട നടത്തി പൊളിഞ്ഞു പാളീസായ ഗിരീഷും ബിജേഷും ബിസിനസിന്റെ ടേസ്റ്റ് ഒന്നു മാറ്റിപ്പിടിച്ചപ്പോൾ കൈവന്നത് വിജയത്തിന്റെ ഡബിൾ സ്ട്രോംഗ് ഹരം. തന്തൂരി ചായയിലൂടെയാണ് ഈ വിജയകഥ രചിച്ചത്. കൊച്ചിയിൽ തുടങ്ങി മറ്റു ജില്ലകളിലേക്കു മണം പരത്തിയ തന്തൂരി ചായ ബംഗളൂരു വഴി ഖത്തറിലെത്തി. ഇപ്പോൾ കുവൈറ്റ്, സിംഗപ്പൂർ, ഒമാൻ, മസ്‌കറ്റ്, സൗദി അറേബ്യ എന്നിവിടങ്ങളിൽ ഔട്ട്‌ലെറ്റുകൾ തുടങ്ങാൻ ഹോട്ടൽ ഗ്രൂപ്പുകളുമായി കരാർ ഒപ്പിട്ടിരിക്കുകയാണ് ഇവരുടെ ഗരം മഡ്കാ കമ്പനി

കഥ ഇങ്ങനെ- രണ്ടുവർഷം മുമ്പ് ബിജേഷ് കടവന്ത്രയിൽ ഒരു റസ്റ്റോറന്റ് തുടങ്ങി. കടം കയറിയപ്പോൾ പൂട്ടി. അത് ഏറ്റെടുത്ത് ഭാഗ്യപരീക്ഷണത്തിനു വന്നതായിരുന്നു തൃശൂർ ചെമ്പൂച്ചിറക്കാരൻ ഗിരീഷ്. അതും പൂട്ടി. കടത്തിന്റെ നടുക്കടലിൽ പിടിച്ചുനില്‌ക്കാൻ വഴി തേടുന്നതിനിടയിലാണ് അവർ കൂട്ടുകാരായത്. ചായയിൽ തൂവിപ്പോയ ജീവിതത്തിന്റെ കപ്പിൽ ഭാഗ്യത്തിന്റെ മധുരം ചേർക്കാൻ അതേ ബിസിനസ് തന്നെ മതിയെന്നായിരുന്നു തീരുമാനം. പക്ഷേ, ഒരു വെറൈറ്റി വേണം!

അതു തേടിയുള്ള യാത്ര എത്തിയത് പൂനെയിൽ. ചായ് ലാ എന്ന സ്ഥലത്ത് ഒരു കൊച്ചു ചായക്കട. അവിടെ ചൂടോടെ കാത്തിരിപ്പായിരുന്നു, തന്തൂരി ചായ. പകുതി പാകമായ ചായ, തന്തൂരി അടുപ്പിലെ കനലിൽ ചുട്ടെടുക്കുന്ന ചെറിയ മൺകലത്തിലേക്ക് ഒഴിക്കും. അപ്പോൾ മണം പരത്തി തിളച്ചു തൂവും തന്തൂരി ചായ... അതു കേരളത്തിൽ ഹിറ്റാകുമെന്ന് മനസ്സു പറഞ്ഞു. അങ്ങനെ, തന്തൂരി ചായയുടെ മസാലക്കൂട്ടും മൺപാത്രങ്ങളുയായി മടക്കം.

തന്തൂരി ചായ ആവശ്യപ്പെടുന്ന റസ്റ്റോറന്റുകൾക്ക് മാഡ്‌ക കമ്പനി ഫ്രാഞ്ചൈസി നൽകും.

കേരളത്തിൽ തന്തൂരി ചായയ്ക്ക് 30 രൂപ. കോഫിക്ക് 40.

ആറു മാസം, ഒരു കോടി

കമ്പനി തുടങ്ങിയിട്ട് ആറ് മാസം. ഫ്രാഞ്ചൈസി വിറ്റതടക്കം ഒരു കോടിയുടെ ബിസിനസായി.

ഫ്രാഞ്ചൈസിക്ക് തന്തൂരി അടുപ്പും എൽ.ഇ.ഡി പാനൽ കൗണ്ടറും വെങ്കലത്തിലുള്ള കാസയും കൊടിലും സുഗന്ധ വ്യഞ്ജനങ്ങൾ ചേർത്ത തേയിലക്കൂട്ടും 'ഗരം മിഡ്ക കിടു' വിഭവത്തിന്റെ രഹസ്യവും നൽകും.

വിദേശത്തടക്കം 17 ഫ്രാഞ്ചൈസികളായി. വിദേശത്ത് ഒരു ഫ്രാഞ്ചൈസിക്ക് 15 ലക്ഷം രൂപ. കേരളത്തിൽ വിൽക്കുന്നത് ബേസിക് യൂണിറ്റ് മാത്രം. ഇതിന് രണ്ടു ലക്ഷം വരെ ഇടാക്കും