വിഴിഞ്ഞം: ആയ് രാജവംശത്തിന്റെ തലസ്ഥാന നഗരമായിരുന്ന വിഴിഞ്ഞത്ത് എ.ഡി ഒൻപതാം നൂറ്റാണ്ടിൽ നിർമിച്ചതെന്ന് കരുതപ്പെടുന്ന ഗുഹാ ക്ഷേത്രം സുരക്ഷയില്ലാതെ നശിക്കുന്നു. വിഴിഞ്ഞം ജംഗ്ഷനിൽ നിന്നു ഹാർബർ റോഡിലേക്ക് തിരിയുന്ന ഭാഗത്താണ് ഈ ഗുഹാ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഒറ്റക്കല്ലിൽ തുരന്നുണ്ടാക്കിയ ഒറ്റ മുറി മാത്രമുള്ള ഗുഹാക്ഷേത്രത്തിലാണ് ആർക്കും കടന്നു ചെല്ലാവുന്ന സ്ഥിതിയായത്. ശില്പ നിർമാണ കലയുടെ സവിശേഷ രൂപങ്ങൾ ഈ ഒറ്റക്കൽ ഗുഹയിൽ കാണാം. തമിഴ്‌നാട്ടിലെ ഗുഹാക്ഷേത്രങ്ങൾ പോലെ പ്രതിമകൾ കുറച്ചുകൊണ്ട് ചുമർ ചിത്രകലയ്ക്കു പ്രാധാന്യം നൽകിയ ക്ഷേത്രമാണിത്. വിഴിഞ്ഞം കൂടാതെ തൃക്കൂർ, ഇരുനിലംകോട് എന്നിവിടങ്ങളിലാണ് ഇത്തരം ഗുഹാക്ഷേത്രങ്ങളുള്ളത്. പടയോട്ട പരമ്പരകളുടെയും പ്രൗഢമായ ഒരു കാലഘട്ടത്തിന്റെയും കഥകൾ പറയുന്ന ഗുഹാക്ഷേത്രത്തിനുള്ളിൽ പശുപതാണ്ഡവ മൂർത്തിയുടെ രൂപമാണ് കൊത്തി വച്ചിട്ടുള്ളത്. ക്ഷേത്രത്തിനു പുറത്തെ പാറയിൽ ശിവപാർവതിമാരുടെയും കിരാത മൂർത്തി രൂപത്തെയുമാണ് കൊത്തിവച്ചിരിക്കുന്നത്. രാജേന്ദ്ര ചോളന്റെ ഭരണകാലത്താണ് ഗുഹാക്ഷേത്രം പണിതതെന്നാണ് കരുതുന്നത്. എന്നാൽ ഗുഹാക്ഷേത്രം ചേര ശില്പ ശൈലിയിലുള്ളതാണെന്നാണ് പുരാവസ്തു വിദഗ്ദ്ധർ പറയുന്നത്. അതേസമയം പ്രതിമ ശില്പ സമ്പ്രദായത്തിൽ പല്ലവ പാണ്ഡ്യ രീതിയാണ്. കേരളക്കരയിലെ ശിലാകേന്ദ്രങ്ങളുടെ നിർമാണാരംഭം കുറിച്ച ക്ഷേത്രമെന്ന പ്രത്യേകതയും ഇതിനുള്ളതായി പറയപ്പെടുന്നു. സർ സി.പി. രാമസ്വാമി അയ്യരുടെ ഭരണകാലത്ത് പുരാവസ്തു ഗവേഷണത്തിന്റെ ഭാഗമായി ഈ ക്ഷേത്രത്തെ കുറിച്ചു പഠിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ആയ് രാജവംശത്തെ കുറിച്ച് 27 പുരാവസ്തു രേഖകൾ വിഴിഞ്ഞം ഭാഗത്തു നിന്ന് കണ്ടെടുത്തിട്ടുള്ളതായി ഇളംകുളം കുഞ്ഞൻ പിള്ളയുടെ ചരിത്രഗവേഷണ ഗ്രന്ഥത്തിൽ പറയുന്നു.
1960 ൽ ഈ ഗുഹാക്ഷേത്രത്തെ ആർക്കിയോളജി സർവേ ഒഫ് ഇന്ത്യ ഏറ്റെടുത്തു. ഇപ്പോൾ ചുറ്റുവേലികെട്ടി സംരക്ഷിച്ചുവരുന്നു. ഗുഹാ ക്ഷേത്രം തേടി ചരിത്രാന്വേഷികളും ഗവേഷകരും എത്താറുണ്ട്. ക്ഷേത്രത്തിനുള്ളിലെ കിണർ പ്രദേശവാസികൾക്കു ജലക്ഷാമകാലത്തു പ്രയോജനകരമായിരുന്നു. ഇതിനുള്ളിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ശിവലിംഗത്തിൽ ഇപ്പോഴും പ്രദേശവാസികൾ ഹാരം ചാർത്തുകയും വിളക്ക് തെളിക്കും. പുരാവസ്തുവകുപ്പിന്റെ കൈകളിലുള്ള ഇവിടെ അടുത്തകാലത്തുവരെ നാട്ടുകാരാണ് പരിസരം വൃത്തിയായി സൂക്ഷിച്ചിരുന്നത്.