1

വിഴിഞ്ഞം: വെള്ളിത്തിരയ്ക്കു പിന്നിലെ കാഴ്ചകൾ ആസ്വാദകർക്കായി ഒരുക്കിയിരിക്കുകയാണ് തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോ അധികൃതർ. സിനിമയുടെ പിറവി മുതൽ പുതുതലമുറ വരെയുള്ള ചലച്ചിത്ര നിർമ്മാണത്തെ കുറിച്ച് മനസിലാക്കുന്നതിനായി ഹ്രസ്വചിത്രവും മ്യൂസിയവും തയ്യാറാക്കി. മലയാള ചലച്ചിത്രരംഗത്തിനു നവ്യാനുഭവം പകർന്ന 'ചെമ്മീൻ' പകർത്തിയ മിച്ചൽ കാമറയും മമ്മൂട്ടി എന്ന നടനെ ബിഗ് സ്‌ക്രീനിൽ എത്തിച്ച കാമറയും ആദ്യ കാമറയായ ആരിഫ്‌ളെക്‌സും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. മലയാള സിനിമയ്ക്ക് ശക്തമായ അടിത്തറ ഒരുക്കിയതിനു പിന്നിലെ ഉപകരണങ്ങളുടെ അമൂല്യ ശേഖരമാണ്ചിത്രാഞ്ജലി സ്റ്റുഡിയോയിലെ മ്യൂസിയത്തിൽ സജ്ജീകരിച്ചിട്ടുള്ളത്. പഴയ കാലത്തെയും പുതിയ കാലത്തെയും സിനിമാചരിത്രവും ചിത്രീകരണവും വിശദമാക്കുന്ന ഹ്രസ്വചിത്രത്തിന്റെ പണിപ്പുരയിലാണ് അധികൃതർ.

കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപറേഷന്റെ കീഴിൽ 1980 ൽ ആണ് തിരുവല്ലത്തു സ്റ്റുഡിയോ സ്ഥാപിച്ചത്. ഒരു സിനിമ വെള്ളിത്തിരയിൽ എത്തുന്നതിനു വേണ്ട എല്ലാ സജ്ജീകരണങ്ങളും ഇപ്പോൾ ഇവിടെ ഉണ്ട്. അതോടൊപ്പം തന്നെ ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്നവർക്കും വിദ്യാർത്ഥികൾക്കും സിനിമാ ചരിത്രം തെരയുന്നവർക്കും വിജ്ഞാനം പകരുന്നതാണ് ഇവിടത്തെ മ്യൂസിയം. ആദ്യത്തെ ചലച്ചിത്രമായ ബാലനും, ന്യൂസ് പേപ്പർ ബോയിയും ഉൾപ്പെടെയുള്ള സിനിമയുടെ പോസ്റ്ററുകൾ, പുരസ്‌കാര ജേതാക്കളുടെ ഫോട്ടോകൾ എന്നിവ ഇവിടെ കാണാം. പൊതു അവധി ദിവസങ്ങളിൽ ഉൾപ്പെടെ ഇവിടെ സന്ദർശകർക്ക് പ്രവേശിക്കാം. മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് ഫീസ്. രാവിലെ 10 മുതൽ 3.30 വരെയാണ് സന്ദർശക സമയം.