വിതുര: തൊളിക്കോട്, വിതുര പഞ്ചായത്തുകളിൽ കുടിനീരിനായി ജനം പരക്കം പായുമ്പോൾ പ്രദേശത്ത് പൈപ്പ്പൊട്ടി ശുദ്ധജലം പാഴാകുന്നത് പതിവാകുന്നു. പൈപ്പ് പൊട്ടി റോഡ് തോടായി ഒഴുകുന്നത് പഞ്ചായത്ത് പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. പൈപ്പ്പൊട്ടുന്ന മേഖലകളിൽ കുടിവെള്ളവിതരണം തടസ്സപ്പെടുകയും ചെയ്യുന്നുണ്ട്. പൈപ്പുകൾ പൊട്ടി ഒഴുകുന്ന വിവരം വാട്ടർ അതോറിറ്റിയിൽ അറിയിച്ചാലും യഥാസമയം നന്നാക്കാറില്ലെന്നാണ് നാട്ടുകാരുടെ പരാതി. വേനൽമൂർച്ഛിക്കും മുമ്പേ മലയോരമേഖലയിലെ മിക്ക പഞ്ചായത്തുകളിലും കുടിവെള്ളക്ഷാമം നേരിടുകയാണ്. പൈപ്പ്ജലത്തെ ആശ്രയിച്ച് കച്ചവടം നടത്തുന്നവർ ഏറെ ബുദ്ധിമുട്ടുകയാണ്. മിക്ക ദിവസങ്ങളിലും പൈപ്പിൽ നിന്നും വെള്ളം ലഭിക്കാറില്ല. വെറുതെ വെള്ളക്കരം അടയ്ക്കേണ്ട അവസ്ഥയിലാണ് നാട്ടുകാർ. തൊളിക്കോട് പഞ്ചായത്തിലെ പരപ്പാറ ജംഗ്ഷന് സമീപം പൈപ്പ് പൊട്ടി ആഴ്ചകളായി വെള്ളം റോഡിലൂടെ ഒഴുകുകുയാണ്. പരപ്പാറ- ആനപ്പെട്ടി റോഡിൽ പല ഭാഗത്തും ഇതാണ് സ്ഥിതി. വിതുര പഞ്ചായത്തിലെ മരുതാമല പേരയത്തും ആഴ്ചകളായി പൈപ്പ് പൊട്ടി ശുദ്ധജലം പാഴായി ഒഴുകുന്നു. പൊൻമുടി നെടുമങ്ങാട് റോഡിൽ വിതുര കലുങ്ക് ജംഗ്ഷനിൽ രണ്ടിടങ്ങളിൽ പൈപ്പ് പൊട്ടി ശുദ്ധജലം റോഡിലൂടെ ഒഴുകുകയാണ്. വിതുരയിൽ അരനൂറ്റാണ്ട് മുൻപ് സ്ഥാപിച്ച പൈപ്പ് ലൈനുകളാണ് നിലവിലുള്ളത്. ഇതിന് ശേഷം നൂറുകണക്കിന് പേർക്ക് ഹൗസ് കണക്ഷനും മറ്റും നൽകി. കാലപ്പഴക്കം ചെന്ന ലൈനാണ് പൈപ്പുകൾ പൊട്ടുന്നത്. കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി ആറ് വർഷം മുൻപ് ആവിഷ്ക്കരിച്ച പദ്ധതി ഇനിയും പൂർത്തീകരിച്ചിട്ടില്ല.