kanjah

നെടുമങ്ങാട് : പുതുവത്സരത്തെ വരവേൽക്കാൻ നാട് തയ്യാറാകുമ്പോൾ ആഘോഷങ്ങളെ ലഹരിയിൽ മുക്കാൻ നെടുമങ്ങാടും പരിസര പ്രദേശങ്ങളിലും ലഹരി ഒഴുകുന്നു. വ്യാജവാറ്റ്, സ്പിരിറ്റ് കടത്ത്, കഞ്ചാവിന്റെയും നിരോധിത പുകയില ഉത്പന്നങ്ങളുടെയും വിപണനം എന്നിവ തകൃതിയായതായാണ് എക്സൈസ്-പൊലീസ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. ലഹരി വ്യാപനം തടയുന്നതിന് നെടുമങ്ങാട്, ആര്യനാട്, വാമനപുരം റേഞ്ച് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. വനാതിർത്തി മേഖലയിലും തമിഴ്‍നാട് അതിർത്തി ഭാഗങ്ങളിലുമാണ് ലഹരി കടത്തിന്റെ പ്രധാന താവളങ്ങൾ. പുളിങ്കുടി ചെക്ക് പോസ്റ്റു കടന്നാണ് നെടുമങ്ങാട്, കാട്ടാക്കട, വെഞ്ഞാറമൂട് ഭാഗങ്ങളിൽ കഞ്ചാവും പുകയില ഉത്പന്നങ്ങളും എത്തുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിട്ടുണ്ട്.

വഞ്ചുവത്ത് എക്സൈസ് സംഘത്തെ ആക്രമിച്ചു പരിക്കേൽപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ബൈക്ക് യാത്രക്കാരായ രണ്ടംഗ സംഘം ലഹരി സംഘത്തിലെ കണ്ണികളാണെന്ന് സംശയിക്കുന്നു. നെടുമങ്ങാടും പാലോടുമുള്ള ചില മൊത്തവിതരണ കച്ചവടക്കാർ നിരോധിത പുകയില ഉത്പന്നങ്ങൾ ഗോഡൗണുകളിൽ സൂക്ഷിച്ച് പെട്ടിക്കടക്കാർക്കും ചെറുകിട വ്യാപാരികൾക്കും കൂടിയ വിലയ്ക്ക് വിൽക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഇതേതുടർന്ന് നടത്തിയ പരിശോധനയിൽ 124 കച്ചവടക്കാർക്കെതിരെ ക്രിസ്മസ് ദിനത്തിൽ നടപടിയെടുത്തു. ഇരുപതോളം പേർക്കെതിരെ അബ്‌കാരി നിയമപ്രകാരം കേസെടുത്തു. 1.455 ഗ്രാം കഞ്ചാവ്, 24.55 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം, 26 ലിറ്റർ നാടൻ ചാരായം, 890 ലിറ്റർ കോട, ലക്ഷക്കണക്കിന് രൂപയുടെ വാറ്റുപകരണങ്ങൾ, കഞ്ചാവ് കടത്തിന് ഉപയോഗിച്ച 10 വാഹനങ്ങൾ മുതലായവ നെടുമങ്ങാട് എക്സൈസ് സംഘം പിടികൂടിയിട്ടുണ്ട്.

വാമനപുരത്തും ആര്യനാട്ടും പ്രത്യേകസംഘമാണ് റെയ്ഡിന് നേതൃത്വം നൽകുന്നത്. മടത്തറ വേങ്കൊല്ലയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന 135 ലിറ്റർ കോട കണ്ടെത്തി നശിപ്പിക്കുകയും വീട്ടുടമയ്‌ക്കെതിരെ കേസെടുക്കുകയും ചെയ്തു. വനപാലകരുടെയും പൊലീസിന്റെയും സഹായത്തോടെ പന്ത്രണ്ടോളം സംയുക്ത റെയ്ഡുകളും എക്സൈസ് സംഘം നടത്തി. പുതുവത്സരം പ്രമാണിച്ച് വരും ദിവസങ്ങളിൽ സംയുക്ത റെയ്ഡ് കൂടുതൽ ശക്തമാക്കാനാണ് തീരുമാനം.

 നെടുമങ്ങാട് എക്സൈസ് സംഘം പിടികൂടിയത്

 1.455 ഗ്രാം കഞ്ചാവ്

 24.55 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം

 26 ലിറ്റർ നാടൻ ചാരായം

 890 ലിറ്റർ കോട

 ലക്ഷക്കണക്കിന് രൂപയുടെ വാറ്റുപകരണങ്ങൾ

 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു

 നിരവധി പേർക്കെതിരെ കേസ്

 റെയ്ഡ് കൂടുതൽ ശക്തമാക്കാനാണ് തീരുമാനം

 ലഹരികടത്ത് സംബന്ധിച്ച വിവരങ്ങൾ എക്സൈസിൽ അറിയിക്കാം

നെടുമങ്ങാട് - 9400069405

ആര്യനാട് - 9400069419

വാമനപുരം -0472 2837505