കല്ലമ്പലം: ശിശുക്ഷേമ വികസനം ലക്ഷ്യമിട്ട് ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച കെട്ടിടം തകർന്നടിഞ്ഞിട്ട് കാലങ്ങളായി. കാടും പടർപ്പും മൂടി സാമൂഹിക വിരുദ്ധർ ഉൾപ്പെടെ താവളമാക്കിയിട്ടും ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കുന്നില്ലെന്നും പരാതിയുണ്ട്. നാവായിക്കുളം പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ കുണ്ടുമൺകാവ് ക്ഷേത്രത്തിന് സമീപത്തെ മന്ദിരമാണ് തകർന്നത്. കേന്ദ്രസർക്കാർ പദ്ധതിയായ ശിശുവിഹാർ എന്ന ശൈശവ കേന്ദ്രത്തിന് വേണ്ടിയായിരുന്നു കെട്ടിടം നിർമ്മിച്ചത്. ഫണ്ട് വിനിയോഗം പൂർത്തിയാക്കാതെ പാതിവഴിയിൽ ഉപേക്ഷിച്ച കെട്ടിടം പൂർണമായും തകർന്ന നിലയിലാണ്. 1990ലാണ് കെട്ടിടത്തിന്റെ പ്രാഥമിക നിർമ്മാണം ആരംഭിച്ചത്. 2005- 2010 കാലഘട്ടത്തിൽ എൽ.ഡി.എഫ് ഭരണസമിതി കെട്ടിട നിർമ്മാണം ത്വരിതപ്പെടുത്തുവാൻ നടപടിയെടുത്തു. എന്നാൽ കെട്ടിടം നിൽക്കുന്ന വസ്തുവിൽ അവകാശവാദം വന്നതോടെ തുടർനടപടികൾക്ക് കഴിഞ്ഞില്ലെന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ് എ. ഷാജഹാൻ പറഞ്ഞു. നിലവിലെ പഞ്ചായത്ത് ഭരണസമിതി ഇതിനൊരു പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.