തിരുവനന്തപുരം: കുസാറ്റിലെ സ്വീപ്പർ നിയമന വിവാദത്തിൽ ജനുവരി അഞ്ചിനകം റിപ്പോർട്ട് നൽകണമെന്ന്
ഗവർണർ പി.സദാശിവം സർക്കാരിനോട് നിർദ്ദേശിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. നിയമന റാങ്ക്ലിസ്റ്റിൽ കൃത്രിമം നടന്നുവെന്നാണ് ആരോപണം. റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനു മുൻപ് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ പേരുവിവരങ്ങൾ ചോർത്തി ഉദ്യോഗാർത്ഥികളെ അറിയിച്ചതാണു വിവാദത്തിലായത്.
പ്രാദേശിക നേതാവ് കൂടി ഉൾപ്പെട്ട റാങ്ക്ലിസ്റ്റിലെ ആദ്യത്തെ 20 പേരുകളും പുറത്തായി. സ്വീപ്പർ തസ്തികയിലേക്ക് 2010 ആഗസ്റ്റ് 14നു നടന്ന എഴുത്തുപരീക്ഷയിലെ ചോദ്യപേപ്പർ പുറത്തായതു വിവാദമായിരുന്നു. സ്വീപ്പർ കം ക്ലീനർ തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളുമായി നടത്തിയ അഭിമുഖത്തിൽ പാർട്ടി ഓഫീസിൽ നിന്നു നൽകിയ ലിസ്റ്റിലുള്ളവർക്ക് 17 മാർക്കു വീതം നൽകണമെന്നു ആവശ്യപ്പെട്ടിരുന്നതായും വെളിപ്പെടുത്തലുണ്ടായി. നിയമനം ലഭിക്കില്ലെന്നറിഞ്ഞവരിൽ ചിലർ പ്രതിഷേധം ഉയർത്തിയതോടെയാണ് വിവരം പുറത്തായത്.