ചിറയിൻകീഴ്: ആവശ്യമായ കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ ഇല്ലാത്തത് ചിറയിൻകീഴ് - കഴക്കൂട്ടം റൂട്ടിലെ പെരുങ്ങുഴിയിൽ യാത്രാ ക്ലേശം രൂക്ഷമാക്കുന്നതായി പരാതി. ആറ്റിങ്ങൽ, കണിയാപുരം ഡിപ്പോകളിൽ നിന്നും സർവീസ് നടത്തുന്നതാണ് ഈ മേഖലയിലേക്കുളള കെ.എസ്.ആർ.ടി.സി ബസുകളിലധികവും. ദിവസവും നൂറുകണക്കിന് ആൾക്കാരാണ് പെരുങ്ങുഴി മേട ജംഗ്ഷൻ വഴി യാത്ര ചെയ്യുന്നത്. തിരുവനന്തപുരം, ആറ്റിങ്ങൽ എന്നിവിടങ്ങളിലേക്ക് പോകുന്ന സർക്കാർ ജീവനക്കാരെയും വിദ്യാർത്ഥികളെയും പൊതുഗതാഗത സംവിധാനത്തിന്റെ അഭാവം സാരമായി ബാധിക്കുന്നുണ്ട്. പാസഞ്ചർ ട്രെയിനുകളൊഴികെ മറ്റ് എക്സ്‌പ്രസ് ട്രെയിനുകൾക്കൊന്നും പെരുങ്ങുഴിയിൽ സ്റ്റോപ്പില്ല. പ്രൈവറ്റ് വാഹനങ്ങൾക്ക് അയിത്തം കൽപ്പിച്ചിട്ടുളള ഈ മേഖലയിൽ സമാന്തര സർവീസുകളാണ് യാത്രക്ലേശത്തിന് പലപ്പോഴും ഒരു പരിധിവരെ സഹായമാവുന്നത്. എന്നാൽ ഇത്തരം വാഹനങ്ങളുടെ മത്സര ഓട്ടവും സന്ധ്യ കഴിഞ്ഞാൽ സർവീസ് മതിയാക്കുന്നതുമെല്ലാം യാത്രക്കാർക്ക് ബുദ്ധിമുട്ടാകുകയാണ്. സന്ധ്യ കഴിഞ്ഞാൽ മറ്റിടങ്ങളിൽ നിന്ന് പെരുങ്ങുഴിയിലേക്ക് വരാനും തിരിച്ച് പോകാനുമെല്ലാം വളരെ ബുദ്ധിമുട്ടാണ്. മുൻകാലങ്ങളിൽ രാത്രി 9ന് ചിറയിൻകീഴിൽ നിന്ന് കഴക്കൂട്ടം ഭാഗത്തേക്ക് ഒരു ബസ് സർവീസുണ്ടായിരുന്നു. നിലവിൽ രാത്രി എട്ട് മണി കഴിഞ്ഞാൽ ചിറയിൻകീഴിൽ നിന്ന് കഴക്കൂട്ടം ഭാഗത്തേക്ക് ബസില്ല. രാത്രി ഏഴുമണി കഴിഞ്ഞാൽ പിന്നെ തിരുവനന്തപുരത്ത് നിന്ന് ചിറയിൻകീഴിലേക്ക് ബസുളളത് 9.30നാണ്. ഡബിൾ ഡ്യൂട്ടി സിംഗിൾ ഡ്യൂട്ടി ആക്കിയപ്പോൾ രാത്രി 7.35ന് തിരുവനന്തപുരത്ത് നിന്ന് ചിറയിൻകീഴ് വഴി ആറ്റിങ്ങലിലേക്ക് ഒരു സർവീസ് ആരംഭിച്ചെങ്കിലും അധികം താമസിയാതെ അത് ആറ്റിങ്ങലിലേക്ക് മാത്രമാക്കി ചുരുക്കി. സന്ധ്യയ്ക്ക് ശേഷം തിരുവനന്തപുരത്ത് നിന്ന് ആറ്റിങ്ങലിലേക്ക് വരുന്ന സർവീസുകളിൽ രണ്ടെണ്ണമെങ്കിലും ചിറയിൻകീഴ് വഴി ആറ്റിങ്ങൽ പോകുന്ന രീതിയിൽ ക്രമപ്പെടുത്തമെന്നാണ് ഇവിടത്തെ യാത്രക്കാർ ആവശ്യപ്പെടുന്നത്. തിരുവനന്തപുരത്ത് നിന്ന് രാത്രി 8.40ന് പുറപ്പെടുന്ന കണ്ണൂർ എക്സ്‌പ്രസിൽ ചിറയിൻകീഴിൽ വന്നിറങ്ങുന്ന പെരുങ്ങുഴി റൂട്ടിലേക്കുളളവർ വീടുകളിൽ എത്തണമെങ്കിൽ കിലോമീറ്ററോളം നടക്കുകയോ അല്ലെങ്കിൽ ആട്ടോകളെ ആശ്രയിക്കുകയോ വേണം. ഈ സമയത്ത് കണിയാപുരം ഭാഗത്തേക്ക് ഒരു സർവീസ് വേണമെന്ന ആവശ്യവും അധികൃതർക്ക് കേട്ടഭാവമില്ലെന്നാണ് യാത്രക്കാരുടെ ആക്ഷേപം.