കൊച്ചി: ഇന്നലെ അന്തരിച്ച മുൻ എം.എൽ.എയും സി.പി.എം നേതാവുമായ സൈമൺ ബ്രിട്ടോയുടെ (64) സംസ്‌കാരം നാളെ പകൽ മൂന്നിന് കൊച്ചിയിലെ പച്ചാളം ശ്മശാനത്തിൽ നടക്കും. ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ 11 വരെ വടുതലയിലെ വീട്ടിലും, 11 മുതൽ വൈകിട്ട് മൂന്ന് വരെ എറണാകുളം ടൗൺഹാളിലും പൊതുദർശനത്തിന് വയ്ക്കും.
എസ്.എഫ്.ഐ പ്രവർത്തകയും മാദ്ധ്യമ പ്രവർത്തകയുമായ സീനാ ഭാസ്‌കറാണ് ഭാര്യ. ഏക മകൾ കയീ നില. സഹോദരങ്ങൾ: മേഴ്‌സി, ജൂലി, റെക്‌സി, ക്രിസ്റ്റി, ഫ്രാൻസി. വടുതലയിലെ കയം എന്ന വീട്ടിലായിരുന്നു താമസം. കഴിഞ്ഞ 25 മുതൽ തൃശ്ശൂർ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസിൽ എഴുത്തിനായി താമസിക്കുകയായിരുന്നു. നെഞ്ച് വേദനയേയും ശ്വാസതടസത്തേയും തുടർന്ന് ഇന്നലെ വൈകിട്ട് അഞ്ചോടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു.
2006-2011 കാലഘട്ടത്തിൽ നിയമസഭയിൽ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായിരുന്നു. 1983ൽ നട്ടെല്ലിന് കുത്തേറ്റ് അരയ്ക്ക് താഴെ തളർന്നതോടെ പിന്നീടുള്ള ജീവിതം വീൽചെയറിലായിരുന്നു.
എസ്.എഫ്.ഐ, കാമ്പസുകളിൽ തേരോട്ടം തുടങ്ങിയ എഴുപതുകളിൽ സംഘടനയുടെ നേതൃനിരയിലുണ്ടായിരുന്നു ബ്രിട്ടോ. എൽ.എൽ.ബി വിദ്യാർത്ഥിയായിരിക്കെ എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റായി. 1983 ഒക്‌ടോബർ 14ന് കെ.എസ്.യു പ്രവർത്തകരുടെ കുത്തേറ്റ് അരയ്ക്കു താഴെ തളർന്നു. 1954 മാർച്ച് 27ന് എറണാകുളം ജില്ലയിലെ പോഞ്ഞിക്കരയിൽ നിക്കോളാസ് റോഡ്രിഗസിന്റെയും ഐറിൻ റോഡ്രിഗസിന്റെയും മകനായി ജനിച്ചു. എറണാകുളം സെന്റ് ആൽബർട്ട് കോളേജ്, ബീഹാറിലെ മിഥില യൂണിവേഴ്‌സിറ്റി, തിരുവനന്തപുരം ലോ അക്കാദമി, എറണാകുളം ലോ കോളേജ് എന്നിവിടങ്ങളിലായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
കേരള ഗ്രന്ഥശാലാ സംഘം സംസ്ഥാന പ്രതിനിധി, കേരള സർവകലാശാല സ്റ്റുഡന്റ്‌സ് കൗൺസിൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. അഗ്രഗാമി, മഹാരൗദ്രം, മഞ്ഞുപെയ്യുന്ന ചരിത്രാങ്കം, ചന്ദ്രന്റെ മാളിക എന്നീ നോവലുകൾ രചിച്ചു. അഗ്രഗാമിക്ക് ശക്തി അവാർഡും പാട്യം ഗോപാലൻ അവാർഡും ലഭിച്ചിട്ടുണ്ട്. 2015ൽ 138 ദിവസം കൊണ്ട് ഇന്ത്യ മുഴുവൻ സഞ്ചരിച്ചിരുന്നു.
മരണവാർത്തയറിഞ്ഞ് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ, പി. രാജീവ്, മന്ത്രിമാരായ എ.കെ ബാലൻ, പ്രൊഫ. സി. രവീന്ദ്രനാഥ്, വി.എസ് സുനിൽകുമാർ, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗ്ഗീസ്, എറണാകുളം ജില്ല സെക്രട്ടറി സി എൻ മോഹനൻ, സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ തുടങ്ങിയ നിരവധി പേർ ആശുപത്രിയിലെത്തി.