ശിവഗിരി: ശക്തവും ശാന്തവും ഉയർച്ചയുമുള്ള രാജ്യമായി ഇന്ത്യയെ നിലനിർത്താനുള്ള സുരക്ഷാകവചമാണ് ശ്രീനാരായണ ഗുരുവിന്റെ ദർശനമെന്ന് നാഗാലാൻഡ് ഗവർണർ പി.ബി.ആചാര്യ അഭിപ്രായപ്പെട്ടു. മാനവ സേവയാണ് ഏറ്റവും വലിയ ഈശ്വരസേവയെന്ന ഗുരുവിന്റെ ദർശനം മാനവരാശിയുടെ ഉയർച്ചയ്ക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ശാസ്ത്ര-സാങ്കേതിക പരിശീലന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തെ വിദ്യാസമ്പന്നരാക്കുന്നതിനാണ് ഗുരു മുഖ്യപ്രാധാന്യം നൽകിയത്.പാവപ്പെട്ടവരും ദളിതരും പിന്നാക്കവിഭാഗക്കാരും മുൻനിരയിൽ എത്താനുള്ള മാർഗ്ഗം വിദ്യാഭ്യാസപരമായ കരുത്താണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. വനിതകളെ അഭ്യസ്ഥവിദ്യരാക്കുന്നതിനും വലിയ പ്രധാന്യം നൽകി.കുടുംബത്തിന്റെയും സമൂഹത്തിന്റെയും നട്ടെല്ലാണ് സ്ത്രീകൾ എന്നതായിരുന്നു ഗുരുവിന്റെ കാഴ്ചപ്പാട്.
മതപരമായ തർക്കങ്ങൾ വെടിഞ്ഞ് ലോക സമാധാനവും സൗഹാർദ്ദവും പുരോഗതിയും കൈവരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് ഗുരു എപ്പോഴും ഉദ്ബോധിപ്പിച്ചത്.ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്ര് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സ്വാഗതവും ട്രഷറർ സ്വാമി ശാരദാനന്ദ നന്ദിയും പറഞ്ഞു.