swami-vishudhananda

ശിവഗിരി: അറിവിന്റെ തീർത്ഥാടനത്തിന് ഗുരു തിരഞ്ഞെടുത്ത ദിവസം തന്നെ മതിൽ സംഘടിപ്പിച്ചത് ശരിയോ എന്ന് ചിന്തിക്കണമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അഭിപ്രായപ്പെട്ടു. തീർത്ഥാടന വിഷയമായ ശാസ്ത്ര സാങ്കേതിക പരിശീലനത്തെ അടിസ്ഥാനമാക്കിയുള്ള സമ്മേളനത്തിലെ അദ്ധ്യക്ഷ പ്രസംഗത്തിലായിരുന്നു വനിതാ മതിലിനെ വിമർശിച്ചുകൊണ്ടുള്ള പരാമർശം. തീർത്ഥാടന വേദിയിലെത്തി രാഷ്ട്രീയക്കാർ ഗുരുവിനെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കും. എന്നാൽ ഗുരുവിന്റെ ചിന്തയ്ക്ക് അനുസരിച്ച് അവർ പ്രവർത്തിക്കുന്നില്ല. തീർത്ഥാടനത്തിന് ആളെക്കുറച്ചതിൽ ആരൊക്കെയോ ഇപ്പോൾ സന്തോഷിക്കുകയാവും.

മനുഷ്യനെ ഒഴികെ മറ്റൊന്നിനെയും നന്നാക്കേണ്ടതില്ല എന്ന സത്യം അറിഞ്ഞാണ് ഗുരുദേവൻ 'മതമേതായാലും മനുഷ്യൻ നന്നായാൽ മതി' എന്ന് ഉദ്ഘോഷിച്ചത്. അതായത് മനുഷ്യൻ ഒഴികെയുള്ള മറ്റ് ജീവജാലങ്ങൾ പ്രപഞ്ചത്തെ അറിഞ്ഞ് ജീവിക്കുന്നു. മനുഷ്യനാകട്ടെ അങ്ങനെയല്ല. അതിനാൽ മനുഷ്യന് അറിവ് പകരുന്നതിന് വേണ്ടിയാണ് ഗുരു അറിവിന്റെ തീർത്ഥാടനത്തിന് അനുമതി നൽകിയത്. ഓരോ വിഷയത്തിലും പ്രഗല്ഭർ തന്നെ ചിന്തകൾ പകർന്നുനൽകണമെന്നാണ് ഗുരു പ്രത്യേകം എടുത്തുപറഞ്ഞത് . പ്രകൃതിയെ മറന്നുകൊണ്ടുള്ള ശാസ്ത്രവളർച്ച അപകടകരമാണെന്ന് പ്രളയത്തിലൂടെ അടുത്തിടെ നാം കണ്ടതാണ്. മാസങ്ങൾക്കകം അത് മറന്ന രീതിയാണ് കാണുന്നതെന്നും വിശുദ്ധാനന്ദ പറഞ്ഞു.