sivagiri

ശിവഗിരി: മൂന്നുനാൾ വർക്കല നഗരത്തെയും ശിവഗിരിക്കുന്നിനെയും ആത്മാർപ്പണത്തിന്റെയും പ്രാർത്ഥനയുടെയും കേന്ദ്രസ്ഥാനമാക്കിയ പവിത്രമായ 86-ാമത് ശിവഗിരി തീർത്ഥാടനം സമാപിച്ചു. അറിവ്, ആരോഗ്യം, ആത്മീയത എന്നീ ആശയങ്ങൾ മുൻനിറുത്തിയായിരുന്നു ഇത്തവണത്തെ തീർത്ഥാടനം.

1928 -ൽ കോട്ടയം നാഗമ്പടം ശിവക്ഷേത്രാങ്കണത്തിലെ തേൻമാവിൻ ചുവട്ടിൽ ശിവഗിരി തീർത്ഥാടനം എന്ന ആശയത്തിന് ശ്രീനാരായണ ഗുരുദേവൻ അനുമതി നൽകിയതിന്റെ നവതി വർഷത്തിലായിരുന്നു ഇത്തവണത്തെ തീർത്ഥാടനം. 41 ദിവസം നീണ്ട മഹായതിപൂജ പകർന്ന ആത്മീയ ഉണർവിന്റെ പശ്ചാത്തലത്തിൽ നടന്ന തീർത്ഥാടനം ശ്രീനാരായണ ഭക്തരുടെ സജീവ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. തീർത്ഥാടനം തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുമ്പേ തീർത്ഥാടക സംഘങ്ങൾ എത്തിക്കൊണ്ടിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും ഗുരുഭക്തർ സമ്മേളന വിജയത്തിന് സ്വയംഅർപ്പിച്ച് കർമ്മനിരതരായി. തീർത്ഥാടന കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെയുള്ള വിവിധ സബ് കമ്മിറ്റികളുടെ കൂട്ടായ്മയാണ് സമ്മേളനത്തെ വൻവിജയമാക്കിയത്.

എല്ലാ കമ്മിറ്റികളുടെയും പ്രവർത്തനങ്ങൾക്ക് മാർഗനിർദ്ദേശം നൽകി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, സ്വാമി അമേയാനന്ദ, സ്വാമി ശിവസ്വരൂപാനന്ദ തുടങ്ങിയവർ ആദ്യവസാനം സജീവമായി. തീർത്ഥാടന കമ്മിറ്റി ചെയർമാൻ കൂടിയായ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, വർക്കിംഗ് ചെയർമാൻ കെ.ജി. ബാബുരാജ്, വൈസ് ചെയർമാൻ ഡോ. സുരേഷ് കുമാർ മധുസൂദനൻ തുടങ്ങിയവരുടെ പങ്കാളിത്തവും എടുത്തു പറയേണ്ടതാണ്.

പത്തു സമ്മേളനങ്ങളിലായി ഏഴ് സെമിനാറുകളാണ് നടന്നത്. കുമ്മനം രാജശേഖരൻ അടക്കം അഞ്ച് ഗവർണർമാർ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന് പുറമെ, നാലു മന്ത്രിമാരും പ്രതിപക്ഷ നേതാവും പല സമ്മേളനങ്ങളിലായി വിശിഷ്ടാതിഥികളായിരുന്നു. ഗ്രീൻ പ്രോട്ടോക്കോൾ പൂർണമായും പാലിച്ചുവെന്നതാണ് മറ്റൊരു പ്രത്യേകത.