തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ പാവപ്പെട്ട രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡി.വൈ.എഫ്.ഐ ജില്ലാകമ്മിറ്റി നൽകിവരുന്ന പൊതിച്ചോർ വിതരണ പദ്ധതിയായ 'ഹൃദയപൂർവം' പരിപാടിയെ പ്രശംസിച്ച് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്. ഉത്തമ മാതൃകയായ ഇത് ഇന്ത്യയൊട്ടാകെ വ്യാപിപ്പിക്കണമെന്നും അവർ പറഞ്ഞു. വനിതാമതിലിൽ പങ്കെടുക്കാൻ തലസ്ഥാനത്തെത്തിയ വൃന്ദ, ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ മെഡിക്കൽ കോളേജിലെത്തി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോറും പായസവും വിതരണം ചെയ്തു. ടി.എൻ. സീമ എം.പി, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്. സുരേഷ് ബാബു, പ്രദിൻസാജ് കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.