kai

കിളിമാനൂർ: വാർദ്ധക്യം ആക്ഷേപമല്ല ഒരവസ്ഥയാണ് എന്ന ഓർമ്മപ്പെടുത്തലുമായി കിളിമാനൂർ പൊലീസും, വ്യാപാരികളും, ജനകീയ സമിതിയും, യുവജന ക്ലബുകളും, തട്ടത്തുമല എൻ.എസ്.എസ്.വോളന്റിയർമാരും ചേർന്നൊരുക്കിയ 'കൈ വിടാതെ കരുതലോടെ' പദ്ധതിയുടെ ഉദ്ഘാടനം റൂറൽ എസ്.പി പി.അശോക് കുമാർ നിർവഹിച്ചു. സി.ഐ പി.അനിൽ കുമാർ അദ്ധ്യക്ഷനായ ചടങ്ങിൽ ആറ്റിങ്ങൽ ഡി.വൈ.എസ്.പി പി.അനിൽ കുമാർ കിറ്റ് വിതരണം നടത്തി. കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജലക്ഷ്മി അമ്മാൾ, പഴയകുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് എസ്. സിന്ധു, പുളിമാത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഐഷാബീവി, പഴയകുന്നുമ്മൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു. നാല് ആൺമക്കൾ ഉണ്ടായിട്ടും നിത്യവൃത്തിക്കായി തൊഴിലുറപ്പിന് പോകുന്ന പൊരുന്തമൺ മേലെവിളയിലെ അറുപത്തിയാറുകാരിയായ രാജമ്മ, റൂറൽ ജില്ലാ പൊലീസ് മേധാവി അശോക് കുമാറിൽ നിന്നും പുതുവത്സര വസ്ത്രവും, ഒരു മാസത്തേക്കുള്ള അരിയുൾപ്പെടെയുള്ള പലവ്യജ്ഞന സാധനങ്ങളും ഏറ്റുവാങ്ങി. മക്കളും ബന്ധുക്കളും ഒക്കെ ഉണ്ടായിരുന്നിട്ടും അനാഥത്വം പേറുന്ന വൃദ്ധ ജനങ്ങളെ സംരക്ഷിക്കുന്നതിന് കിളിമാനൂർ പൊലീസ് നടപ്പിലാക്കുന്ന ഈ പദ്ധതി ഉദ്ഘാടന ദിനത്തിൽ തന്നെ നിരവധിപേർക്ക് തുണയായി. പൊലീസുകാർ വിളമ്പി കൊടുത്ത സദ്യയും കഴിച്ചാണ് ഇവർ മടങ്ങിയത്. കിളിമാനൂർ, പുളിമാത്ത്, പഴയകുന്നുമ്മൽ പഞ്ചായത്തുകളിലെ അശരണരും അവശർക്കും കൈതാങ്ങാവുന്ന പദ്ധതി സംസ്ഥാനതലത്തിൽ തന്നെ മാതൃകയാണ്. സി.ഐ. പി.അനിൽ കുമാറിന്റെയും, എസ്.ഐ.അരുണിന്റെയും നേതൃത്വത്തിൽ കിളിമാനൂർ പൊലീസ് ജനോപകാര പ്രദമായ നിരവധി സാമൂഹ്യ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്.