swami-visalananda

ശിവഗിരി: ശ്രീനാരായണ ഗുരുദേവൻ ദീർഘ വീക്ഷണമുള്ള ശാസ്ത്രചിന്തകൻകൂടിയായിരുന്നുവെന്ന് അദ്ദേഹത്തെ വായിക്കുന്നവർക്ക് മനസ്സിലാകുമെന്ന് തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ പറഞ്ഞു.തീർത്ഥാടനത്തോടനുബന്ധിച്ച് നടന്ന ശാസ്ത്ര സെമിനാറിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കൃത്യമായ ലക്ഷ്യത്തോടെയാണ് ഗുരുദേവൻ അറിവിന്റെ തീർത്ഥാടനത്തിന് അനുമതി നൽകിയത്. അതിലെ എട്ടു വിഷയങ്ങളും മനുഷ്യന് അത്യാവശ്യം വേണ്ടതാണ്.

സമ്മേളനം ഉദ്ഘാടനം ചെയ്ത നാഗാലാൻഡ് ഗവർണർ പി.ബി. ആചാര്യ വേദിയിലുണ്ടായിരുന്ന സന്യാസി ശ്രേഷ്ഠരെ നാഗാലാൻഡിലെ പരമ്പരാഗത ഷാൾ അണിയിച്ച് ആദരിച്ചശേഷമാണ് പ്രസംഗിച്ചത്.

ശാസ്ത്രം രക്ഷകനും ശിക്ഷകനുമാണെന്ന് തിരിച്ചറിഞ്ഞ ശ്രീനാരായണ ഗുരു അത് സാധാരണക്കാർക്ക് മനസ്സിലാകുന്നതിനു വേണ്ടിയാണ് തീർത്ഥാടനത്തിന്റെ ഭാഗമായി ഇത്തരത്തിൽ ഒരു സെമിനാർ വേണമെന്ന് നിഷ്ക‌ർഷിച്ചതെന്ന് ചിൻമയ സർവകലാശാല രജിസ്ട്രാർ ഡ‌ോ. ബി.അശോക് പറഞ്ഞു.

യോഗത്തിൽ സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിച്ചു. സെന്റ‌ർ എന‌ർജി മാനേജ്മെന്റ് ഡയറക്ടർ കെ.എം. ധരേശൻ ഉണ്ണിത്താൻ,​ എം.ജി. യൂണിവേഴ്സിറ്റി മുൻ വി.സി. ഡോ. ബാബു സെബാസ്റ്റ്യൻ,​ ബയോ ഇൻഫർമാറ്റിക് ഡിപ്പാർ‌ട്ടുമെന്റ് ഡയറക്ടർ ഡോ. അച്യുത് ശങ്കർ,​ ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് ഡയറക്ടർ പി.പ്രമോദ്,​ ഡോ. ആർ. ശശീന്ദ്രൻ എന്നിവർ സംസാരിച്ചു. ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സ്വാഗതവും ട്രഷറർ സ്വാമി ശാരദാനന്ദ നന്ദിയും പറഞ്ഞു.