kseb-central-goverment-fu

തിരുവനന്തപുരം: ഗ്രാമങ്ങളിലെ സമ്പൂർണ വൈദ്യുതീകരണത്തിന്റെ പേരിൽ കണ്ണൂരിലെ രണ്ട് മണ്ഡലങ്ങളിൽ മാനദണ്ഡങ്ങൾ ലംഘിച്ച് കേന്ദ്ര സർക്കാരിന്റെ ഫണ്ട് സംസ്ഥാന വൈദ്യുതി ബോർഡ് വകമാറ്രി ചെലവഴിച്ചതായി പരിശോധന റിപ്പോർട്ട്. അക്കൗണ്ടന്റ് ജനറലിന്റെ (ഇ.ആൻഡ് ആ‌ർ.എസ്.എ) ഓഡിറ്ര് പരിശോധന റിപ്പോർട്ടിലാണ് ഈ പരാമർശം. പരിശോധന റിപ്പോർട്ട് 'ഫ്ളാഷി'ന് ലഭിച്ചു. ഒരു കോടിയോളം രൂപയാണ് കേന്ദ്രഫണ്ടിൽ നിന്ന് വകമാറ്റിയത്. സംസ്ഥാന സർക്കാരിന്റെ സമ്പൂർണ വൈദ്യുതീകരണ പദ്ധതിയുമായി കൂട്ടിക്കെട്ടിയാണ് കേന്ദ്രഫണ്ട് ചെലവഴിച്ചതെന്നാണ് കണ്ടെത്തൽ.

കണ്ണൂർ ജില്ലയിലെ കല്യാശേരി, തളിപ്പറമ്പ് നിയോജക മണ്ഡലങ്ങളിൽ വരുന്ന പയ്യന്നൂർ‌ ഇലക്ട്രിക്കൽ ഡിവിഷനിലാണ് കേന്ദ്രസർക്കാർ പദ്ധതിയായ ദീന ദയാൽ ഉപാദ്ധ്യായ ഗ്രാമ ജ്യോതി യോജന (ഡി.ഡി.യു.ജി.ജെ.വൈ) പ്രകാരമുള്ള പണം വകമാറ്രി ചെലവഴിച്ചത്. പയ്യന്നൂർ ഡിവിഷന് കീഴിൽ സമ്പൂർണ വൈദ്യുതീകരണത്തിന് വേണ്ടിയിരുന്നത് 2.01 കോടി. ഇതിൽ 92.48 ലക്ഷവും കേന്ദ്ര ഫണ്ടിൽ നിന്ന് എടുത്തതാണെന്നാണ് പരിശോധന റിപ്പോർട്ട്. കേന്ദ്ര ഫണ്ട് ചെലവഴിക്കുന്നതിൽ വ്യക്തമായ മാനദണ്ഡം ഉണ്ടെന്നിരിക്കെ ഇത് വകമാറ്റലാണെന്നാണ് കണ്ടെത്തൽ. രണ്ട് മണ്ഡലങ്ങളിൽ ഈ സ്ഥിതിയാണെങ്കിൽ സംസ്ഥാനമൊട്ടാകെ ഇതിന്റെ വ്യാപ്തി എത്രയായിരിക്കും എന്നതിനെക്കുറിച്ചുള്ള പരാമർശവും റിപ്പോർട്ടിലുണ്ട്.

പൂർണമായും കേന്ദ്ര സർക്കാർ പദ്ധതിയായ ഡി.ഡി.യു.ജി.ജെ.വൈ ഫണ്ട് മറ്രൊരു പദ്ധതിയുമായും കൂട്ടിച്ചെലവഴിക്കരുതെന്നാണ് ഇതിന്റെ മാർഗനിർദേശങ്ങളിൽ പറയുന്നത്. ഡി.ഡി.യു ഫണ്ട് വൈദ്യുതി ബോർഡ് പ്രത്യേകം അക്കൗണ്ടിൽ വേണം സൂക്ഷിക്കാൻ. ഫണ്ട് റൂറൽ എരിയയിലെ വീടുകളുടെ വൈദ്യുതീകരണത്തിനാണെങ്കിലും അതിനുവേണ്ടിയുള്ള അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് വേണ്ടിയേ ചെലവഴിക്കാവൂ എന്നാണ് വ്യവസ്ഥ. എന്നാൽ, ഈ നിർദേശങ്ങൾ രണ്ട് മണ്ഡലങ്ങളുടെ കാര്യത്തിൽ മറികടന്നു എന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ.

485.38 കോടി

ഗ്രാമങ്ങളിലെ സമ്പൂർണ വൈദ്യുതീകരണ പദ്ധതിക്കായി 485.38 കോടിയാണ് കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് നൽകിയത്. പദ്ധതി നടപ്പാക്കാനുള്ള ചുമതല വൈദ്യുതി ബോർഡിനാണ് കൈമാറിയത്. റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷനാണ് രാജ്യത്തെല്ലായിടത്തും പദ്ധതിയുടെ മേൽനോട്ട ചുമതല. പുതിയ സബ് സ്റ്രേഷനുകൾ സ്ഥാപിക്കുക, ഹെെ ടെൻഷൻ ലൈൻ സ്ഥാപിക്കുക, കപ്പാസിറ്രേഴ്സ് ഇൻസ്റ്രലേഷൻ, നിലവിലുള്ള സബ്സ്റ്റേഷനുകൾ ആധുനികവത്കരിക്കുക തുടങ്ങിയവയ്ക്കാണ് കേന്ദ്ര ഫണ്ട് നൽകിയത്. അതേസമയം ഉപഭോക്താക്കൾക്കുള്ള സർവീസ് ലൈൻ, സ്ഥലത്തിനുള്ള നഷ്ടപരിഹാരം , അണ്ടർഗ്രൗണ്ട് കേബിളുകൾ എന്നിവയ്ക്കൊന്നും പദ്ധതിയിൽ നിന്ന് പണം ചെലവാക്കാനാവില്ല. ഈ മാനദണ്ഡങ്ങളാണ് വൈദ്യുതി ബോർഡ് കാറ്റിൽപറത്തിയത്.

സംസ്ഥാന സർക്കാറിന്റെ സമ്പൂർണ വൈദ്യുതീകരണ പദ്ധതിയുടെയും നടത്തിപ്പ് ഏജൻസി വൈദ്യുതി ബോർഡാണ്. എം.പി, എം.എൽ.എ ഫണ്ട് എന്നിവ കൂടി ഉപയോഗപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. എന്നാൽ, കേന്ദ്ര പദ്ധതിയുടെ പണം സംസ്ഥാന പദ്ധതിയുമായി ചേർത്ത് ചെലവഴിച്ചു എന്നാണ് ഓഡിറ്ര് പരിശോധനയിൽ കണ്ടെത്തിയത്.

വകമാറ്രിയില്ലെന്ന് വൈദ്യുതി ബോർഡ്

ദീനദയാൽ ഉപാദ്ധ്യായ ഗ്രാമ ജ്യോതി യോജനയ്ക്ക് വേണ്ടിയുള്ള പണം വൈദ്യുതി ബോർഡ് വകമാറ്രി ചെലവഴിച്ചെന്ന ഓഡിറ്ര് പരിശോധനയിലെ കണ്ടെത്തൽ തെറ്രിദ്ധാരണ കൊണ്ടാകാം. കർശനമായ മാനദണ്ഡങ്ങളും നിരീക്ഷണ സംവിധാനങ്ങളും കേന്ദ്രപദ്ധതിക്കുണ്ട്. അത് ഒരു വിധത്തിലും വകമാറ്രി ചെലവഴിക്കാൻ കഴിയില്ല.

എൻ.എസ്. പിള്ള, ചെയർമാൻ, സംസ്ഥാന വൈദ്യുതി ബോർഡ്