നാളിതുവരെ ദർശിച്ചിട്ടില്ലാത്ത അത്യപൂർവമായൊരു വനിതാ സംഗമത്തിനാണ് കേരളം ഇന്നലെ സാക്ഷിയായത്. നവോത്ഥാനമൂല്യങ്ങളുടെ സംരക്ഷണം ഉയർത്തിക്കാട്ടി ഭരണമുന്നണിയിൽ ഉൾപ്പെടുന്ന പാർട്ടികളും നവോത്ഥാന ആശയങ്ങളെ പിന്തുണയ്ക്കുന്ന നൂറ്റി എഴുപതിൽപ്പരം സംഘടനകളും ചേർന്ന് സംഘടിപ്പിച്ച വനിതാ മതിൽ പ്രതീക്ഷിച്ചതുപോലെ തന്നെ വൻ വിജയമായി. ഇത്തരത്തിലൊരു വനിതാ കൂട്ടായ്മയ്ക്കെതിരെ ആദ്യം തൊട്ടേ പല കോണുകളിൽ നിന്നും അതിശക്തമായ വിമർശനങ്ങളും രൂക്ഷമായ എതിർപ്പുമൊക്കെ ഉയർന്നതാണ്. സർക്കാരിന്റെ നേതൃത്വത്തിൽ ജനങ്ങളെ രണ്ടായി വിഭജിക്കുന്നു എന്നതായിരുന്നു പ്രധാന ആരോപണം. വിഷയം നീതിപീഠം വരെ എത്തുകയും ചെയ്തു. എന്നാൽ ആക്ഷേപങ്ങളെല്ലാം അപ്രസക്തമാക്കി വനിതാ മതിലിന്റെ ഭാഗമാകാൻ ലക്ഷക്കണക്കിനു വനിതകൾ എത്തി. പ്രായം ഏറെ എത്തിയവരും യുവതികളും കുട്ടികളുമെല്ലാം കൂട്ടത്തിലുണ്ടായിരുന്നു. ഏറെ ചിട്ടയോടും അച്ചടക്കത്തോടും നടന്ന പരിപാടി മികച്ച സംഘാടക പാടവംകൊണ്ട് അത്യധികം ശ്രദ്ധേയമാവുകയും ചെയ്തു. വർഷങ്ങൾക്കു മുൻപ് ലോക മാദ്ധ്യമങ്ങളിൽ ഇടം നേടിയ മനുഷ്യച്ചങ്ങല പോലെ വനിതാ മതിലും അതിന്റെ അപൂർവ്വ സ്വഭാവ വിശേഷത്താൽ ചരിത്രത്താളുകളിൽ ഇടം പിടിക്കുമെന്നു തീർച്ച.
ദേശീയ പാതയിൽ കാസർകോട് താലൂക്ക് ഓഫീസ് മുതൽ തിരുവനന്തപുരത്ത് വെള്ളയമ്പലത്തെ അയ്യൻകാളി സ്ക്വയർവരെ 620 കിലോമീറ്ററിലാണ് വനിതാ മതിൽ ഉയർന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഇടതുമുന്നണി നേതാക്കളും വിവിധ സംഘടനാ നേതാക്കളും മതിലിന്റെ ഭാഗമായത് അണികളിൽ ആവേശം സൃഷ്ടിച്ചു. ഗതാഗത തടസം പരമാവധി ഒഴിവാക്കാൻ സംഘാടകർ പ്രത്യേകം ശ്രദ്ധിച്ചതിനാൽ വാഹന യാത്രക്കാർക്ക് അധികനേരം റോഡുകളിൽ കുരുങ്ങിക്കിടക്കേണ്ടി വന്നില്ലെന്നതും പുതുമയായിരുന്നു.
ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി കേരളീയ സമൂഹത്തിൽ വലിയൊരു വേർതിരിവ് സൃഷ്ടിച്ചതിനിടെയാണ് നവോത്ഥാന ചിന്ത വീണ്ടും ചർച്ചാ വിഷയമായത്. പതിറ്റാണ്ടുകളായി കാത്തുസൂക്ഷിച്ചു പോന്ന മൂല്യങ്ങൾക്കും ചിന്താധാരകൾക്കും വിരുദ്ധമായ കാര്യങ്ങൾ ആചാര സംരക്ഷണത്തിന്റെ ഭാഗമായി അരങ്ങേറിയപ്പോൾ അതിനെ പ്രതിരോധിക്കേണ്ടത് പുരോഗമനാശയങ്ങൾക്കുവേണ്ടി നിലകൊള്ളുന്നവരുടെ കർത്തവ്യമായതിൽ അസ്വാഭാവികതയൊന്നുമില്ല. ഭരണഘടന ഉറപ്പു തന്നിട്ടുള്ള സ്ത്രീ-പുരുഷ സമത്വം കാത്തുസൂക്ഷിക്കേണ്ടത് സമൂഹത്തിന്റെ നിലനില്പിനു തന്നെ ആവശ്യമാണ്. സർക്കാർ വിളിച്ചു ചേർത്ത വിവിധ സംഘടനാ നേതാക്കളുടെ യോഗത്തിലാണ് വനിതാ മതിൽ എന്ന ആശയം ഉരുത്തിരിഞ്ഞത്. സർക്കാർ പൂർണ പിന്തുണയും സഹായവും നൽകിയതോടെ എല്ലാ അർത്ഥത്തിലും അത് വൻവിജയമാകുകയും ചെയ്തു.
പ്രതിപക്ഷത്തുള്ളവർ എന്തൊക്കെ പറഞ്ഞാലും വനിതാ മതിൽ മുന്നോട്ടുവച്ച സന്ദേശം കേരളീയ സമൂഹത്തിനു തള്ളിക്കളയാനാവില്ല. കാലിക പ്രാധാന്യമുള്ള ഒരു വിഷയമാണ് മതിലിന്റെ ആധാരശിലയെന്നു മറക്കരുത്. വനിതാ മതിൽ സംഘടിപ്പിക്കാനായി ചെലവഴിച്ച പണം ദുരിതാശ്വാസത്തിന് മാറ്റിവച്ചെങ്കിൽ എന്ന് വിമർശിക്കുന്നവരുണ്ട്. പാഴ്ചെലവാണെന്നും നിർബന്ധപ്പിരിവിലൂടെയാണ് പണം സ്വരൂപിച്ചതെന്നും എതിർ പക്ഷക്കാർ നിരന്തരം ആരോപിക്കുന്നുണ്ട്. രാഷ്ട്രീയ കക്ഷികൾ സംഘടിപ്പിക്കുന്ന ഏതു ജനകീയ പരിപാടിയുടെയും മൂലധന സ്രോതസ് ജനങ്ങളും സമൂഹവും തന്നെയാണ്. ഇപ്പോൾ വിമർശനവുമായി അരങ്ങു തകർക്കുന്നവർ അധികാരത്തിലിരുന്നപ്പോഴും ഇതുപോലുള്ള പരിപാടികൾ സംഘടിപ്പിക്കാൻ ജനങ്ങളെത്തന്നെയാണ് ആശ്രയിച്ചിരുന്നത്.
നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും സ്ത്രീ സമത്വത്തിനായി നിലകൊള്ളുമെന്നുമാണ് വനിതാ മതിലിൽ ഉയർന്നുകേട്ട പ്രതിജ്ഞ. സ്ത്രീകൾക്കൊപ്പം പുരുഷന്മാരും ഉറക്കെ ഏറ്റുചൊല്ലേണ്ട പ്രതിജ്ഞയാണിത്. കാരണം തുല്യാവകാശ വിഷയത്തിൽ സ്ത്രീയുടെ അവകാശം ഉറപ്പാക്കേണ്ട ബാദ്ധ്യത പുരുഷനിലാണ് വന്നുചേരുന്നത്. പതിറ്റാണ്ടുകളായി സംസ്ഥാനം കാത്തുസൂക്ഷിച്ചുവന്ന പാരമ്പര്യത്തിനും പുരോഗമനാശയങ്ങൾക്കും നിരക്കാത്ത ചിലതൊക്കെ തലപൊക്കാൻ തുടങ്ങിയ ഒരു അന്തരാള ഘട്ടത്തിൽ വനിതാ മതിലിന്റെ പ്രസക്തിയും ആവശ്യകതയും സമൂഹം തിരിച്ചറിയേണ്ടതുണ്ട്. പണ്ടേ ഉപേക്ഷിച്ച ഇരുട്ടിന്റെ മാറാലകളെ തേടിപ്പിടിച്ച് തലയിൽ ചാർത്തേണ്ട ആവശ്യം ഒട്ടും തന്നെയില്ല. കാസർകോടു മുതൽ തലസ്ഥാനം വരെ കോട്ടപോലെ ഉയർന്ന വനിതാ മതിൽ മുന്നോട്ടുവച്ച ഒരുമയുടെയും സമത്വത്തിന്റെയും സന്ദേശം നിലനിൽക്കുക തന്നെ ചെയ്യും. സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് അത് കൂടിയേ തീരൂ എന്ന കാര്യവും മറക്കരുത്.