ബാലരാമപുരം: കല്ലിയൂർ പഞ്ചായത്തിലെ പകൽവീടിന്റെ പരാദീനതകൾ വഴിമാറുന്നു. പകൽവീടിന്റെ മെയിന്റനൻസിനായി ബ്ലോക്കിൽ നിന്നും 316000 രൂപയും പഞ്ചായത്ത് ഫണ്ട് 5 ലക്ഷവും വാർഡ് മെമ്പറുടെ ഫണ്ടിൽ നിന്നും 86000 രൂപയും അനുവദിച്ചു. വർഷങ്ങളോളം അടഞ്ഞുകിടന്ന പകൽവീട് കഴിഞ്ഞ ജൂലായ് മാസത്തിലാണ് വൃദ്ധർക്കായി തുറന്നു കൊടുത്തത്. മക്കളുടെ ജോലിത്തിരക്കും കൊച്ചുമക്കളുടെ പഠനവും കാരണം വീടുകളിൽ ഒറ്റക്ക് കഴിയുന്ന വൃദ്ധരാണ് പകൽവീട്ടിലെ അന്തേവാസികൾ. 60 വയസ്സ് മുതൽ 92 വയസ്സ് വരെയുള്ള മുപ്പത്തിയെട്ടോളം പേർ ഇവിടെയുണ്ട്. വാർദ്ധക്യത്തിന്റെ അസ്വാസ്ഥ്യങ്ങൾ മറന്ന് മനസ്സ് തുറന്ന് സംസാരിക്കാനും വിഷമതകൾ പങ്ക് വയ്ക്കാനും പകൽവീട് വിശ്രമകേന്ദ്രം വൃദ്ധർക്ക് ആശ്യാസമായിമാറിയിരിക്കുകയാണ്. പഞ്ചായത്തിന് പ്രത്യേക ഫണ്ട് ഇല്ലാത്തതുകാരണം സ്റ്റാർ ഹെൽത്ത് ഇൻഷ്വറൻസ് കമ്പനിയാണ് ഇവർക്ക് വേണ്ട ഭക്ഷണം എത്തിക്കുന്നത്. രാവിലെ 10 മുതൽ 5 വരെയാണ് പകൽവീടിന്റെ പ്രവർത്തനം. വാഹനസൗകര്യവും കൂടി അധികൃതർ ലഭ്യമാക്കിയാൽ പകൽവീടിന്റെ പ്രവർത്തനം കൂടുതൽ സുഗമമാവും.
പകൽവീടിന്റെ മെയിന്റെനൻസിന് ഫണ്ട് അനുവദിച്ച സാഹചര്യത്തിൽ പോരായ്മകൾ പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണം. രാഷ്ട്രീയ വിദ്വേഷങ്ങൾ മറന്ന് ക്രീയാത്മകമായ പ്രവർത്തനങ്ങളിലൂടെ പകൽവീടിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണം. രോഗം ബാധിച്ച് പലവിധ വിഷമതകളിൽ കഴിയുന്ന വൃദ്ധർക്ക് ആശ്വാസം ഉറപ്പ് വരുത്താൻ പഞ്ചായത്ത് ഭരണസമിതി ഒരേ മനസ്സോടെ മുന്നോട്ടുപോകണം. ബഡ്സ് സ്കൂളിലെ വാഹനം വൃദ്ധരെ വീടുകളിൽ നിന്നും കൊണ്ടുവരുത്തതിലേക്കായി വിനിയോഗിക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നാണ്
ചന്ദ്രപ്രഭസീനിയർ സിറ്റിസൺസ് അസോസിയേഷൻ ഭാരവാഹികളുടെ ആവശ്യം.