ഒഴിഞ്ഞുമാറാത്ത ലൈംഗിക ചിന്തകളെക്കുറിച്ചുള്ള ചോദ്യത്തിന് സദ്ഗുരു മറുപടി പറയുന്നു.
ചോദ്യം : എന്റെ സമയത്തിന്റെയും ഊർജത്തിന്റെയും വലിയൊരു ഭാഗം ഞാൻ ലൈംഗിക കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ ഉപയോഗിക്കുന്നുണ്ട്. അതൊരു വൈകല്യമാണോ എന്നെനിക്ക് അറിയില്ല. എന്റെ മാതാപിതാക്കളും മുതിർന്നവരും അതിനെ ഒരു നിഷിദ്ധ വിഷയമായാണ് കാണുന്നത്.
സദ്ഗുരു : ഞാനൊരു തമാശ പറയട്ടെ. ആറു വയസായ ഒരു പെൺകുട്ടി സ്കൂളിൽ നിന്ന് വന്നപ്പോൾ അമ്മയോട് ചോദിച്ചു ''അമ്മേ, ഞാൻ എങ്ങനെയാണ് ജനിച്ചത് ?'' അന്തം വിട്ടുപോയ അമ്മ പറഞ്ഞു. ''ഒരു കൊറ്റി നിന്നെ ഇട്ടു തന്നതാണ്.'' കുട്ടി അത് എഴുതിയെടുത്തു.
കുട്ടി വീണ്ടും ചോദിച്ചു. ''അമ്മ എങ്ങനെയാണ് ജനിച്ചത്?''
''കൊറ്റി ഇട്ടു തന്നതാണ്.''
''അമ്മൂമ്മ എങ്ങനെയാണ് ജനിച്ചത്?''
''അതും കൊറ്റി ഇട്ടു തന്നതാണ്.''
കുട്ടി വളരെ ഗൗരവത്തിലിരുന്ന് അത് ഗൃഹപാഠ പുസ്തകത്തിൽ എന്തോ എഴുതാൻ തുടങ്ങി. പരുങ്ങലിലായ അമ്മ, കുട്ടി പോയതിനു ശേഷം പുസ്തകം തുറന്നു നോക്കി. അവൾ എഴുതിയിരുന്നത് കുടുംബചരിത്രത്തെ (ഫാമിലി ട്രീ) പറ്റിയായിരുന്നു. അതിങ്ങനെയാണ്. ''മൂന്നു തലമുറകളായിട്ട് എന്റെ വീട്ടിൽ ആരും സാധാരണ രീതിയിൽ ജനിച്ചിട്ടില്ല.''
ലൈംഗികത സ്വാഭാവികമാണ്. ലൈംഗികാസക്തി ഉണ്ടാക്കിയെടുക്കുന്നതാണ്. അതിൽ അസ്വാഭാവികമായി ഒന്നുമില്ല. നിങ്ങളുടെ ബുദ്ധിയെ, ഹോർമോണുകൾ കീഴടക്കി എന്നുമാത്രം. നിങ്ങൾ ചെറിയ കുട്ടിയായിരുന്നപ്പോൾ ആരുടെയും പ്രത്യുത്പാദന അവയവങ്ങൾ ശ്രദ്ധിച്ചിരുന്നില്ല. പക്ഷേ ഹോർമോണുകൾ പ്രവർത്തിച്ചു തുടങ്ങിയപ്പോൾ മുതൽ അവയെ വിട്ട് വേറൊന്നും ചിന്തിക്കാതായി.
ലൈംഗികത സ്വാഭാവിക വികാരമാണ്. ശരീരത്തിലത് ഉണ്ടായിരിക്കും. എന്നാൽ ലൈംഗികാസക്തി ഉണ്ടാക്കിയെടുക്കുന്നതാണ്. അത് മാനസികമാണ്. ലൈംഗികത ശരീരത്തിൽ നിൽക്കുകയാണെങ്കിൽ പ്രശ്നമില്ല - അത് വേണ്ടിടത്ത് നിന്നുകൊള്ളും. എന്നാലത് മനസിൽ കയറിക്കൂടിയാൽ വൈകൃതമാകും. അതിനു മനസിൽ സ്ഥാനമുണ്ടാവരുത്.
ശാരീരികമായി മാത്രമാണ് ഒരാളെ പുരുഷൻ എന്നും വേറെ ഒരാളെ സ്ത്രീ എന്നും പറയുന്നത്. പ്രത്യുത്പാദനം നടത്താനും വംശം നിലനിറുത്തുവാനും വേണ്ടിയാണ് ശാരീരികമായ വ്യത്യാസമുള്ളത്. ആ വ്യത്യാസത്തെ സഹായിക്കാൻ മാനസികമായ ചെറിയ വ്യത്യാസവും ഉണ്ട്. രണ്ട് കണ്ണ്, മൂക്ക്, വായ - എല്ലാം ഒന്നുതന്നെ - പ്രത്യുത്പാദന അവയവങ്ങൾ മാത്രം വ്യത്യസ്തം. ശരീരത്തിലെ ഏതെങ്കിലും ഒരു ഭാഗത്തിന് പ്രാധാന്യം കൊടുക്കണമെങ്കിൽ അത് തലച്ചോറിനാണ് കൊടുക്കേണ്ടത്.
ലൈംഗികതയ്ക്ക് ജീവിതത്തിൽ ഒരു നിശ്ചിതമായ പങ്കുണ്ട്. അതിനെ ആവശ്യത്തിലധികം വലുതാക്കിയാൽ മനസ് വികലമാകും. ഇല്ലാതാക്കാൻ ശ്രമിച്ചാൽ മനസ് കൂടുതൽ വികലമാകും.
ശരീരവുമായി കൂടുതൽ താദാത്മ്യം പ്രാപിക്കുമ്പോഴാണ് ലൈംഗികത പ്രധാനമാകുന്നത്. ശരീരവുമായി അകൽച്ച പാലിച്ചാൽ ലൈംഗികത പിന്മാറും. ഒരാൾ ബുദ്ധിപരമായി കൂടുതൽ പ്രവർത്തിക്കാൻ തുടങ്ങുമ്പോൾ ലൈംഗിക ആവശ്യങ്ങൾ ചുരുങ്ങും. പക്ഷേ അധികം ആളുകൾക്കും ബുദ്ധിപരമായ ഔന്നത്യങ്ങൾ അപരിചിതമാണ്.
ശാരീരിക അച്ചടക്കം ഇല്ലാത്ത ആളുകൾ ക്രമേണ സന്തോഷം തേടി നടക്കുന്നവരായി മാറും. അവരിൽ ആനന്ദം ഉണ്ടാകില്ല. നിങ്ങളിൽ എത്രത്തോളം ആനന്ദം ഉണ്ടോ അത്രത്തോളം കുറവ് സന്തോഷം തേടിയാൽ മതി. സന്തോഷമില്ലെങ്കിൽ നിങ്ങൾ അത്യന്തം പ്രവൃത്തി നിരതനായിരിക്കും. അതിൽ ഒന്ന് ലൈംഗിക പ്രവൃത്തിയായിരിക്കും. നമ്മളെയെല്ലാം ഈ ഭൂമിയിലേക്ക് കൊണ്ടുവന്ന ആ പ്രാഥമികമായ പ്രവൃത്തിയെക്കുറിച്ചല്ല ഞാൻ പറയുന്നത്. ഞാൻ അതിനെതിരായി അല്ല സംസാരിക്കുന്നത്. പക്ഷേ നിങ്ങൾ അതിനെക്കുറിച്ചുള്ള വിചാരം മനസിൽ നിന്നും കളയണം.
ലോകത്തിന്റെ മറ്റു തലങ്ങൾ അനുഭവിച്ചു തുടങ്ങിയാൽ നിങ്ങൾ ഒരു ചെറിയ കുട്ടിയെ പോലെയാകും. അന്ന് നിങ്ങൾക്ക് ചില കാര്യങ്ങൾ വളരെ പ്രിയമായിരുന്നു. പക്ഷേ മുതിർന്നപ്പോൾ അവയെല്ലാം അനായാസേന ഉപേക്ഷിച്ചു. ലൈംഗിക ആവേശവും അതുപോലെ ഉപേക്ഷിക്കുവാൻ സാധിക്കണം.
ലൈംഗികതയിൽ തെറ്റോ ശരിയോ ഇല്ല, ജീവിതത്തിന്റെ ഒരു അടിസ്ഥാനപരമായ കാര്യം മാത്രമാണ്. അത് നിങ്ങളുടെ ശരീരത്തിലുണ്ടെങ്കിൽ അവിടെ നിൽക്കട്ടെ, പക്ഷേ അത് തലച്ചോറിലാണെങ്കിൽ തീർച്ചയായും തെറ്റായ സ്ഥലത്താണത്.
( ഇന്ത്യയിൽ ഏറ്റവും സ്വാധീനമുള്ള 50 വ്യക്തികളിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട സദ്ഗുരു, ഒരു യോഗിയും ആത്മജ്ഞാനിയും ദീർഘദർശിയും, ബെസ്റ്റ് സെല്ലിംഗ് ഓതറുമാണ്. അദ്ദേഹത്തിന്റെ വിശിഷ്ട സേവനത്തിന് ഭാരത സർക്കാർ 2017ൽ പദ്മ വിഭൂഷൺ നൽകി ആദരിച്ചു.)